11 കാറുകൾ ഇടിച്ചുതെറിപ്പിച്ചു, കാലിൽ കൂടി കയറിയിറങ്ങി;മദ്യപിച്ച് ഇന്നോവ ഓടിച്ചയാൾ പിടിയിൽ


ആര്യനാട്(Thiruvanathapuram): ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ പനയ്‌ക്കോട് ഇന്നോവ വാഹനം ഒരാളെ ഇടിച്ചു തെറിപ്പിച്ചു. ഇയാളുടെ കാലിൽ കൂടെ വാഹനം കയറിയിറങ്ങി. കുളപ്പട സ്വദേശിയും കൂലിപ്പണിക്കാരനുമായ തുളസീധരനാണ് വാഹനം കയറിയിറങ്ങി ഗുരുതര പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പ്രദീപ്‌ ഗോപാൽ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുളപ്പട പനക്കോട് സഹകരണ ബാങ്കിനും സ്‌കൂളിനും സമീപമാണ് ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ അപകടം ഉണ്ടായത്. 11 ഇരു ചക്രവാഹനങ്ങളും ഒരു കാറും ഇന്നോവ ഇടിച്ചുതെറിപ്പിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ആണ് അമിതവേഗതയിലും അലക്ഷ്യമായും എത്തിയ ഇന്നോവ കാർ ഇടിച്ചു അപകടം ഉണ്ടാക്കിയത്. കാറിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നു എന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിനുള്ളിൽ നിന്നും മദ്യകുപ്പികളും ഭക്ഷണവും നാട്ടുകാർ കണ്ടെത്തി. വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചിട്ടും നിർത്താതെ പോകാൻ ശ്രമിച്ച ഇവരെ നാട്ടുകാർ വാഹനം തടഞ്ഞു വച്ചു പോലീസിന് കൈമാറി.

Previous Post Next Post