ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. ഇന്നലെ വോട്ടെടുപ്പ് നടന്ന 16 സീറ്റില്‍ എട്ടും ബിജെപി കരസ്ഥമാക്കി. ബിജെപി പിന്തുണയോടെ ഒരു സ്വതന്ത്രനും അട്ടിമറി വിജയം നേടി. കോണ്‍ഗ്രസിന് അഞ്ചു സീറ്റ് ലഭിച്ചപ്പോള്‍ ശിവസേന, എന്‍സിപി എന്നിവര്‍ക്ക് ഓരോ സീറ്റ് വീതം വിജയിക്കാനായി.
രാജസ്ഥാനില്‍ ഒഴികെ എല്ലായിടത്തും ബിജെപി വിജയിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി വിജയം നേടി. മഹാരാഷ്ട്രയില്‍ ബിജെപി മൂന്നു സീറ്റ് നേടി. മഹാ വികാസ് അഘാഡിയുടെ മൂന്നു വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ രാത്രി വൈകിയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ജയിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഹരിയാനയില്‍ രണ്ടു സീറ്റും ബിജെപി നേടി. ഹരിയാനയില്‍ മത്സരരംഗത്തുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ തോറ്റു. ബിജെപി പിന്തുണയോടെ മത്സരിച്ച മാധ്യമപ്രമുഖന്‍ കാര്‍ത്തികേയ ശര്‍മ്മയാണ് അജയ് മാക്കനെ തോല്‍പ്പിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയി കൂറുമാറി വോട്ടു ചെയ്തു. അജയ് മാക്കന്റെ തോല്‍വി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.
ബിജെപിയുടെ വിജയം അധാര്‍മ്മികമാണെന്നും, തോല്‍വിയെക്കുറിച്ച് അന്വേഷിക്കുമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കര്‍ണാടകയിലും ബിജെപി നേട്ടമുണ്ടാക്കി. ത്രികോണ മത്സരം നടന്ന നാലാം സീറ്റ് ബിജെപിക്ക് കിട്ടി. പ്രഫറന്‍ഷ്യല്‍ വോട്ടിങ്ങിലേക്ക് നീങ്ങിയ നാലാം സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലെഹര്‍ സിങ് സിരോയ വിജയിച്ചു. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേശ്, നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായി ജഗ്ഗേഷ് (ബിജെപി) എന്നിവര്‍ വിജയിച്ച പ്രമുഖരില്‍പ്പെടുന്നു. ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസിന് വോട്ടുചെയ്തു.
അതേസമയം രാജസ്ഥാനില്‍ ബിജെപിയുടെ അട്ടിമറി മോഹം പൊലിഞ്ഞു. നാലില്‍ മൂന്നു സീറ്റും കോണ്‍ഗ്രസ് നേടി. പ്രമുഖ നേതാക്കളായ മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സുര്‍ജേവാല, പ്രമോദി തിവാരി എന്നിവര്‍ വിജയിച്ചു. ബിജെപി ഒരു സീറ്റ് നേടി. ഘനശ്യാം തിവാരിയാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ പടലപ്പിണക്കം മുതലെടുക്കുക ലക്ഷ്യമിട്ട് ബിജെപി രംഗത്തിറക്കിയ മാധ്യമമേഖലയിലെ അതികായനും സി ന്യൂട് ഉടമയുമായ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. പ്രമോദ് തിവാരിയോടാണ് സുഭാഷ് ചന്ദ്ര പരാജയപ്പെട്ടത്.