ഇന്ത്യ: പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്ക് വാഗ്ദാനം ചെയ്തത് 1.8 കോടി രൂപയുടെ ജോലി. ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചെങ്കിലും ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്ത ഫേസ്ബുക്കിനൊപ്പം ചേരാന്‍ തീരുമാനിക്കുകയായിരുന്നു വിദ്യാര്‍ത്ഥി.
നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ബൈശാഖ് മൊണ്ടലിനാണ് ഫേസ്ബുക്കില്‍ നിന്നും അമ്പരപ്പിക്കുന്ന പ്രതിഫലത്തോടെ ഓഫർ ലഭിച്ചത്. ബൈശാഖിന് പുറമെ, ജാദവ്പൂര്‍ സര്‍വകലാശാലയിലെ മറ്റ് എട്ട് വിദ്യാര്‍ത്ഥികള്‍ക്കും ഈ വര്‍ഷം ഒരു കോടി രൂപയിലധികം ശമ്പളമുള്ള മറ്റ് ജോലി ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നത് ബൈശാഖിനാണ്.
ബംഗാളിലെ ഒരു സാധാരണ കുടുംബാംഗമാണ് ബൈശാഖിന്റേത്. അങ്കണവാടി ജീവനക്കാരിയാണ് ബൈശാഖിന്റെ അമ്മ. കൊവിഡ് കാലത്ത് രണ്ട് കൊല്ലത്തോളം വിവിധ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ ആയി പ്രവര്‍ത്തിച്ചതിലൂടെ കൂടുതല്‍ അറിവ് നേടാന്‍ സാധിച്ചെന്നും ഇത് അഭിമുഖങ്ങള്‍ പ്രയാസമില്ലാതെ മറികടക്കാന്‍ സഹായിച്ചുവെന്ന് ബൈശാഖ് പറയുന്നു.
മകന്റെ ഉയര്‍ച്ചയ്ക്കായി ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ബൈശാഖിന്റെ അമ്മ പറഞ്ഞു. പഠനത്തില്‍ എപ്പോഴും മകന്‍ കൂടുതല്‍ ശ്രദ്ധകൊടുത്തിരുന്നുവെന്നും ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലും എന്‍ജിനീയറിങ് ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയിലും മികച്ച മാര്‍ക്ക് നേടിയാണ് ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും അമ്മ പറഞ്ഞു. ലണ്ടനിലാണ് ബൈശാഖിന് ജോലി ലഭിച്ചിരിക്കുന്നത്.
അതേസമയം, പ്രതിവര്‍ഷം 65 ലക്ഷം രൂപയുടെ പാക്കേജുളള ജോലിയാണ് ജാദവ്പൂര്‍ സര്‍വകലാശാലയിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ലഭിച്ചത്. നാലാം വര്‍ഷ ഐടി വിദ്യാര്‍ത്ഥിനിയായ ലക്ഷ്യ ബെന്‍ഗാനിക്ക് ആപ്പിളിൽ നിന്ന് ഓഫർ നേരത്തെ ലഭിച്ചിരുന്നു. ഹൈദരാബാദില്‍ അടുത്ത മാസം ജൂലൈയില്‍ ജോലിയ്ക്ക് കയറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ, സര്‍വകലാശാലയുടെ പ്ലെയ്സ്മെന്റിലൂടെ 84 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ നൂറിലധികം കമ്പനികളില്‍ ജോലി നേടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആമസോണിന്റെ ക്യാംപസ് റിക്രൂട്ട്മെന്റ് വഴി റെക്കോർഡ് നേട്ടം കരസ്ഥമാക്കിയ പാറ്റ്ന എൻഐടിയിലെ (NIT Patna) വിദ്യാർത്ഥിയുടെ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ അഭിഷേക് കുമാറിന് ആണ് പ്രതിവർഷം 1.8 കോടി വേതന വ്യവസ്ഥയിൽ ആമസോണിൽ നിന്നും ഓഫർ ലഭിച്ചത്. ട്വിറ്ററിലൂടെയാണ് (Twitter) പാറ്റ്ന എൻഐടി റിക്രൂട്ട്മെന്റ് വിവരം പങ്കുവെച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 14-ന് നടന്ന ഒരു കോഡിംഗ് ടെസ്റ്റിലും മൂന്ന് റൗണ്ട് അഭിമുഖങ്ങളിലും വിജയിച്ചതിന് ശേഷമാണ് ആമസോൺ കുമാറിന് ഈ ഓഫർ നൽകിയത്. അന്തിമ ഫലം ഏപ്രിൽ 21 നാണ് ആമസോൺ ജർമ്മനി അറിയിച്ചത്. ജോലിയിൽ പ്രവേശിക്കാനായി സെപ്റ്റംബറിൽ അഭിഷേക് ജർമ്മനിയിലേക്ക് തിരിക്കും.