കാമുകിയെ തേടി ഇന്ത്യൻ യുവതി ശ്രീലങ്കയിലേക്ക്; 24കാരി കസ്റ്റഡിയിൽ; മനോനില പരിശോധിക്കാൻ കോടതി ഉത്തരവ്

 


കൊളംബോ: കാമുകിയെ കാണാൻ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ എത്തിയ യുവതി അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നും പോയ 24കാരിയാണ് ശ്രീലങ്കൻ പോലീസിന്റെ കസ്റ്റഡിയിൽ ആയിരിക്കുന്നത്. വൈകാതെ തന്നെ സംഭവം വലിയ വിവാദത്തിലേക്ക് മാറുകയും ചെയ്തു.

രണ്ട് വർഷം മുൻപാണ് ശ്രീലങ്കയിലെ അമ്പര ജില്ലയിലുള്ള 33 വയസുള്ള യുവതിയുമായി ഇവർ അടുപ്പത്തിലാകുന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയുമായി സമൂഹമാധ്യമങ്ങളിലൂടെയാണ് തമിഴ് യുവതി പരിചയപ്പെടുന്നത്.

യുവതിയെ ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. രാജ്യംവിട്ട് പോകുവാൻ ശ്രമങ്ങൾ നടത്തിയെങ്കിലും പാസ്പോർട്ട് ലഭിക്കാതെ വരികയായിരുന്നു. തുടർന്ന്, ഈ മാസം 20ന് കൂട്ടുകാരിയെ കാണുവാൻ ഇവർ ശ്രീലങ്കയിലേക്ക് പോകുവാൻ തീരുമാനിക്കുകയായിരുന്നു.

അക്കറായിപട്ടുവിലുള്ള കാമുകിയുടെ വീട്ടിലെത്തുകയും യുവതിയെ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്നും ഒന്നിച്ച് ജീവിക്കുമെന്നും പറയുകയായിരുന്നു. ശ്രീലങ്കൻ സുഹൃത്തും ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു.

ഇതോടെ, യുവതിയുടെ പിതാവ് ഈ ബന്ധത്തെ തള്ളുകയും 'അസാധാരണ ബന്ധ'ത്തിനെതിരെ പോലീസിൽ പരാതി നൽകുകയും ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പിന്നീട്, ഇരുവരേയും പോലീസ് ചോദ്യം ചെയ്യുകയും ഇതിൽ ശ്രീലങ്കൻ യുവതി തന്റെ സുഹൃത്തിനൊപ്പം ഇന്ത്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും രാജ്യം വിടാൻ അനുവദിച്ചില്ലെങ്കിൽ ഇരുവരും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് പോലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ഇരുവരേയും മനശാസ്ത്രജ്ഞനെ കാണുവാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് മുതൽ ശ്രീലങ്കയിൽ സ്വവർഗാനുരാഗം നിയമവിരുദ്ധമാണ്. ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണെന്നാണ് നിയമവിദഗ്ദ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇത്തരത്തിലുള്ള നിയമങ്ങൾ മാറ്റം വരുത്തണമെന്ന ആവശ്യം ഏറെ നാളുകളായി ഉയർന്ന് വന്നിരുന്നു. ഈ പൗരാണിക നിയമം പോലീസ് ദുരുപയോഗം ചെയ്യുന്നുവെന്നും. ഈ നിയമം ഉപയോഗിച്ച് പോലീസും മറ്റുള്ളവരും നിരന്തരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നുവെന്നും എൽജിബിടിക്യു വിഭാഗത്തിലെ അംഗങ്ങളെ ശാരീരികവും ലൈംഗികവുമായ ആക്രമണം നടത്തുകയും ചെയ്യുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു.

Previous Post Next Post