പൊലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് 33,100 രൂപ; പൊലീസ് നായയ്ക്ക് 6950 രൂപ


തിരുവനന്തപുരം: സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ച് കേരള പൊലീസ് . പത്ത് ശതമാനം വർധനവാണ് സേവന-ഫീസ് നിരക്കുകളിൽ ഉണ്ടായിരിക്കുന്നത്. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സ്വകാര്യ-വിനോദ പരിപാടികള്‍, സിനിമാ ഷൂട്ടിങ് എന്നിവയ്ക്കുള്ള നിരക്കുകൾ വർധിപ്പിച്ചു. നേരത്തേ പൊലീസ് സ്റ്റേഷനില്‍ ഷൂട്ടിങ് നടത്താന്‍ 11,025 രൂപയായിരുന്നത് ഇനി മുതൽ പ്രതിദിനം 33,100 രൂപയാണ്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ (ഓരോ നാലു മണിക്കൂറിനും) പകല്‍ 3795 രൂപയും രാത്രി 4750 രൂപയുമാണ് പുതിയ നിരക്ക്. പൊലീസ് നായയുടെ സേവനത്തിന് 6950 രൂപയാണ് പ്രതിദിന ഫീസ്. പൊലീസിന്‍റെ മൈക്ക് ലൈസന്‍സിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി. വയര്‍ലെസ് സെറ്റ് ഉപയോഗത്തിന് 2315 രൂപയും നല്‍കണം.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 610 രൂപയാക്കി. നേരത്തേ 555 രൂപയായിരുന്നു ഇത്. കേരളം മുഴുവൻ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്താൻ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് 5515 രൂപയായിരുന്നത് 11,030 രൂപയായി ഉയർത്തി. അഞ്ച് ദിവസത്തേക്കാണ് ഈ നിരക്ക്.

ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതിനുള്ള തുക 555 ല്‍ നിന്നും 1110 രൂപയാക്കി. ഫിംഗര്‍ പ്രിന്റ് ബ്യൂറോ, പോറന്‍സിക് സയന്‍സ് ലബോറട്ടറി എന്നിവിടങ്ങളിലെ ഫീസുകള്‍, അപകടവുമായി ബന്ധപ്പെട്ട രേഖകല്‍, ഇതരസംസ്ഥാനത്തേക്കുള്ള വാഹന കൈമാറ്റ സര്‍ട്ടിഫിക്കറ്റ്, എംപ്ലോയി വെരിഫിക്കേഷന്‍ ഫീസ് എന്നിവയും കൂട്ടി.

ബാങ്കുകള്‍, തപാല്‍ വകുപ്പ് എന്നിവക്കുള്ള പൊലീസ് എസ്‌കോര്‍ട്ട് നല്‍കുന്നതിനുള്ള തുക, നിലവിലെ നിരക്കില്‍ നിന്നും 1.85 ശതമാനം വര്‍ധിപ്പിച്ചു.

Previous Post Next Post