കോട്ടയം : സ്വർണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയ്ക്കെതിരെ കോട്ടയം നാഗമ്പടത്ത് യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി. പ്രതിഷേധത്തിന്റെ ഭാഗമായി നാഗമ്പടം പാലത്തിന് സമീപം അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീണ് കരിങ്കൊടി കാട്ടുകയായിരുന്ന. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കെജിഒഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം എറണാകുളം ഭാഗത്തേയ്ക്ക് മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ നാഗമ്പടത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടി വീണത്. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ടോം കോര അഞ്ചേരിൽ , സിജോ ജോസഫ് , ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് , നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി , അനൂപ് അബൂബക്കർ എന്നിവരാണ് കരിങ്കൊടി കാട്ടിയത്. ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ നേരത്തെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ച രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ പിടിയിലായിട്ടുണ്ട്.. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ചിന്റു കുര്യൻ ജോയി , സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കനത്ത സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രി പരിപാടിക്ക് എത്തിയത്. നഗരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കോട്ടയത്ത് മുഖ്യമന്ത്രിക്കെതിരെ വൻ പ്രതിഷേധം; കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, 5 പേർ കസ്റ്റഡിയിൽ
jibin
0
Tags
Top Stories