ഇതു കാരണം ഒരു വര്‍ഷത്തിനിടെ സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം 2.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ സൗദി ജനസംഖ്യ 34.1 ദശലക്ഷമായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 മധ്യത്തില്‍ ഇത് 35 ദശലക്ഷമായിരുന്നു. ഒരു വര്‍ഷത്തിനിടെ ജനസംഖ്യയില്‍ ഒമ്പതു ലക്ഷം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. വിദേശി ജനസംഖ്യ 8.6 ശതമാനം കുറഞ്ഞതാണ് രാജ്യത്തെ ആകെ ജനസംഖ്യ 2.6 ശതമാനം തോതില്‍ കുറയാന്‍ ഇടയാക്കിയത്. ഇതുകാരണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സൗദി ജനസംഖ്യയില്‍ സ്വദേശികളുടെ എണ്ണം 1.2 ശതമാനം തോതില്‍ വര്‍ധിച്ചു.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മൊത്തം ജനസംഖ്യയുടെ 63.6 ശതമാനമാണ് സൗദി പൗരന്‍മാര്‍. 2020ല്‍ ഇത് 61.2 ശതമാനമായിരുന്നു. സൗദി ജനസംഖ്യയുടെ 36.4 ശതമാനമാണ് വിദേശികള്‍. 2020 മധ്യത്തില്‍ ആകെ ജനസംഖ്യയുടെ 38.8 ശതമാനവും വിദേശികളായിരുന്നു. ജനസംഖ്യയില്‍ പുരുഷന്‍മാരാണ് സ്ത്രീകളെക്കാള്‍ കൂടുതല്‍. ആകെ ജനസംഖ്യയില്‍ 56.8 ശതമാനം (19.4 ദശലക്ഷം) പുരുഷന്മാരും 43.2 ശതമാനം (14.7 ദശലക്ഷം) വനിതകളുമാണ്. കഴിഞ്ഞ വര്‍ഷം രാജ്യം വിട്ടവരില്‍ ഏറെയും പുരുഷന്‍മാരാണെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദിയുടെ വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള തീരുമാനവും പ്രവാസികളെ നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.