'ആത്മഹത്യ ചെയ്യാൻ സാധ്യത', നീരവ് മോദിയെ ഇന്ത്യയിലേയ്ക്ക് അയയ്ക്കരുത്: പുതിയ ആവശ്യവുമായി അഭിഭാഷക‍ര്‍


ലണ്ടൻ: ശതകോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് യുകെയിലേയ്ക്ക് മുങ്ങിയ നീരവ് മോദിയെ തിരിച്ചെത്തിക്കുന്നത് ഇനിയും വൈകിയേക്കും. ഇന്ത്യയിലേയ്ക്ക് അയച്ചാൽ നീരവ് മോദി ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്നും മാനസികനില പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് യുകെയിലെ കോടതിയിൽ അഭിഭാഷക‍ര്‍ സമ്മ‍ര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് നടപടികൾ വൈകുന്നത്. ഹ‍‍ര്‍ജി പരിഗണിക്കുന്നത് കോടതി ഒക്ടോബറിലേയ്ക്ക് മാറ്റി വെച്ചതോടെയാണ് നീരവ് മോദിയുടെ യാത്ര വൈകുമെന്ന് ഉറപ്പായത്. 

നീരവ് മോദി ജീവനൊടുക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യയിലേയ്ക്ക് നാടു കടത്തുന്നത് കഠിനമായ നടപടിയാണെന്നും കാണിച്ചാണ് പ്രതിഭാഗം കോടതിയ സമീപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ നീരവ് മോദിയുടെ മാനസികനില പരിശോധിക്കാനായി മാനസികരോഗ വിദഗ്ധരെ അടക്കം രംഗത്തിറക്കും.

നീരവ് മോദിയ്ക്ക് ആത്മഹത്യാപ്രവണതയുണ്ടെന്ന് കണ്ടെത്താനായില്ലെന്നായിരുന്നു മുൻപ് ജില്ലാ കോടതി കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നതിൽ തെറ്റില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഈ പരിശോധന ശരിയല്ലെന്ന് കാണിച്ച് നീരവ് മോദിയുടെ അഭിഭാഷകനായ എഡ്വേഡ് ഫിറ്റ്സ്ജെറാൾഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയിലെ ജയിലിൽ എത്തിച്ചാൽ നീരവ് മോദിയുടെ നില മെച്ചപ്പെടുമെന്ന ഇന്ത്യൻ സ‍ര്‍ക്കാ‍ര്‍ വാദത്തിനു തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ജയിലിലെ സൗകര്യങ്ങൾ സംബന്ധിച്ച് ഇന്ത്യ നൽകിയ ഉറപ്പുകളും നീരവ് മോദിയുടെ അഭിഭാഷകൻ ചോദ്യം ചെയ്തു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേയ്ക്ക് മാറ്റിയാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കാമെന്നായിരുന്നു ഇന്ത്യ നൽകിയ മറ്റൊരു വാഗ്ദാനം. എന്നാൽ ഇക്കാര്യത്തിൽ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

സ്വകാര്യ ആശുപത്രിയിലെ ചികിത്സ സംബന്ധിച്ച് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അഭിഭാഷക ഹെലൻ മാൽക്കം കോടതിയിൽ നിലപാട് വ്യക്തമാക്കി. ഓരോ തവണ ജലദോഷം ഉണ്ടാകുമ്പോഴും സ്വകാര്യ ആശുപത്രിയിലെ ചികിത്സ ലഭ്യമാക്കാൻ പറ്റില്ലെന്നും ആവശ്യമുണ്ടെന്നു തോന്നിയാൽ മാത്രമേ സൗകര്യം ഏ‍ര്‍പ്പാടാക്കൂ എന്നും അവര്‍ കോടതിയോടു പറഞ്ഞു.

ഇന്ത്യയിലെ ജയിലിലെ സൗകര്യങ്ങള്‍ സംബന്ധിച്ചും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയിൽ വാദം ഉന്നയിച്ചു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തുള്ള ജയിലിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്രസ‍ര്‍ക്കാരിന് ഉറപ്പു നൽകാൻ സാധിക്കില്ലെന്ന ബോംബേ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിൻ്റെ വാദവും കോടതി മുഖവിലയ്ക്കെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് നീരവ് മോദിയ്ക്കെതിരെ ഇന്ത്യ നടപടി തുടരുന്നത്. യുകെയിൽ നിന്ന് നീരവ് മോദിയെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ മുൻപ് ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും യുകെയിലെ കോടതിയിൽ നിയമപോരാട്ടം തുടരുന്ന സാഹചര്യത്തിൽ തീരുമാനം നീളുകയാണ്.

Previous Post Next Post