രാഷ്ട്രപതി സ്ഥാനാർഥി വെങ്കയ്യ നായിഡുവോ? അമിത് ഷായും നഡ്ഡയും രാജ്നാഥ് സിംഗും ഉപരാഷ്ട്രപതിയുടെ വസതിയിൽ


ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇതു സംബന്ദിച്ച അഭ്യൂഹം ശക്തമായത്. രാഷ്ട്രപതി സ്ഥാനാർഥിയെ സംബന്ധിച്ച് ബിജെപി പാർലമെന്ററി യോഗം ഇന്ന് വൈകിട്ട് ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് നിർണായകമായ കൂടിക്കാഴ്ച.

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബിജെപി നീക്കം സജീവമാക്കിയത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നതിന് സൂചനകള്‍ നല്‍കി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. ഇന്ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകും. ബിജെപി മുന്‍ നേതാവ് കൂടിയാണ് യശ്വന്ത് സിന്‍ഹ.

രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നതിന് വെങ്കയ്യ നായിഡു വിമുഖത കാണിച്ചാല്‍ മാത്രമേ മറ്റൊരു പേരിലേക്ക് ബിജെപി കടക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി നേരത്തെ രാജ്‌നാഥ് സിംഗ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഒരു കൃത്യമായ പേര് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വെച്ചിരുന്നില്ല. ശരദ്‌ പവാര്‍, ഫാറൂഖ് അബ്ദുള്ള, ഗോപാല്‍കൃഷ്ണ ഗാന്ധി തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ത്തികൊണ്ടുവന്നിരുന്നെങ്കിലും മൂന്നുപേരും സ്വയം പിന്‍മാറുകയായിരുന്നു.
Previous Post Next Post