സരിത പർദ്ദ ഇട്ട് വീട്ടിൽ വന്നു; പർദ്ദ മാറ്റിയപ്പോഴാണ് അത് സരിതയാണെന്ന് തനിക്ക് മനസ്സിലായത്: പിസി ജോർജ്


കോട്ടയം: സ്വർണക്കടത്തു കേസിൽ പി സി ജോർജ് സ്വപ്ന സുരേഷുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി ആരോപിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ സോളാർ കേസിലെ പ്രതി സരിത എസ് നായർ  നിർണായക മൊഴി നൽകിയിരുന്നു. പിസി ജോർജ് ഗൂഢാലോചന നടത്തി എന്നായിരുന്നു സരിതയുടെ മൊഴി. കോട്ടയത്ത് വാർത്താ സമ്മേളനം നടത്തിയ പിസി ജോർജ്ജിനോട് ഇക്കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ഗൂഢാലോചന ഒന്നും ഇല്ല എന്നായിരുന്നു പിസി ജോർജിന്റെ മറുപടി. ഗൂഢാലോചന നടത്തിയിട്ട് തനിക്ക് എന്ത് കിട്ടാനാണ് എന്നും പിസി ജോർജ് ചോദിച്ചു.  അതിനിടെയാണ് സരിതയുമായുള്ള മുൻ സംഭാഷണങ്ങളെ കുറിച്ച് പിസി ജോർജ് വ്യക്തമാക്കുന്നത്. സോളാർ കേസ് പ്രതിയായ സരിത എസ് നായർ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി തന്നെ കണ്ടിരുന്നു എന്ന് പി സി ജോർജ് വെളിപ്പെടുത്തി. അന്ന് പർദ്ദയിട്ട് ആണ് സരിത എത്തിയത്.  നേരം ഇരുട്ടിയ ശേഷമാണ് സരിത ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയത് എന്ന് പിസി ജോർജ് പറഞ്ഞു. ഒരു മുസ്ലിം സ്ത്രീയാണ് എന്നാണ് താൻ ആദ്യം മനസ്സിലാക്കിയത്. എന്നാൽ ഓഫീസിനുള്ളിൽ എത്തി പർദ്ദ മാറ്റി മുഖം കണ്ടപ്പോഴാണ് അത് സരിത ആണെന്ന് തനിക്ക് മനസ്സിലായത് എന്ന് പിസി ജോർജ് പറയുന്നു.


മുൻകൂട്ടി അറിയിച്ച ശേഷം ആണ് സരിത എസ് നായർ എത്തിയത് എന്നും പി സി ജോർജ് വ്യക്തമാക്കി.  ഈരാറ്റുപേട്ടയിലെ വസതിയിലെത്തി കാണാൻ താനാണ് നിർദ്ദേശിച്ചത്. കേസിലെ പ്രതിയായതുകൊണ്ടുതന്നെ മറ്റിടങ്ങളിൽ വെച്ച് കാണുന്നതിൽ തനിക്ക് ഭയമുണ്ടായിരുന്നു എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. എന്നാൽ സരിത ഇപ്പോൾ തനിക്കെതിരെ രംഗത്ത് വന്നത്  സോളാർ കേസുമായി ബന്ധപ്പെട്ട് സരിത നൽകിയ പരാതിയിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്.

ഈ അന്വേഷണത്തിൽ താൻ മൊഴി നൽകാൻ തയ്യാറാകാത്തതാണ് സരിതയുടെ ദേഷ്യത്തിന് കാരണമെന്ന് പിസി ജോർജ് കൂട്ടിച്ചേർത്തു. ഇന്ന് രാവിലെയും സിബിഐ ഉദ്യോഗസ്ഥർ തന്നെ വിളിച്ച് കൊച്ചിയിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ താൻ പോകാൻ തയ്യാറായില്ല. ഈരാറ്റുപേട്ടയിലെ വസതിയിലെത്തി മൊഴിയെടുക്കാൻ ആണ് താൻ സിബിഐ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. തനിക്ക്  പാരമ്പര്യമായി കിട്ടിയ സ്വത്ത് ആണ് ഉള്ളത്. അതിൽ നിന്നും പണം ചെലവാക്കി എറണാകുളത്ത് പോയി മൊഴി കൊടുക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

കട്ടും മോഷ്ടിച്ചും ഒന്നുമല്ല താൻ പണം ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടാണ് ഈരാറ്റുപേട്ടയിൽ എത്തി മൊഴിനൽകാൻ പറഞ്ഞത് എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.  സരിതയെ നേരത്തെ കായംകുളത്ത് വെച്ച് കണ്ടിട്ടുണ്ട് എന്നും പി സി ജോർജ്ജ് പറഞ്ഞു. യാത്ര ചെയ്യുന്നതിനിടെ കാണണമെന്ന് സരിതയുടെ മകൻ ആവശ്യപ്പെട്ടത് പ്രകാരമാണ് കായംകുളത്ത് വെച്ച് എത്തി കണ്ടത് എന്ന് പിസി ജോർജ് കൂട്ടിച്ചേർത്തു. ഈരാറ്റുപേട്ടയിൽ എത്തിയപ്പോഴും സരിതക്ക് ഒപ്പം മകൻ ഉണ്ടായിരുന്നു എന്ന് പി സി ജോർജ് കൂട്ടിച്ചേർത്തു.

സരിതയും പിണറായി വിജയനും ചേർന്നാണ് ഇപ്പോൾ ഗൂഢാലോചന നടത്തുന്നത് എന്ന് പി സി ജോർജ് ആരോപിച്ചു. തനിക്കെതിരെ ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്യാൻ കാരണം അതാണ് എന്നും പി സി ജോർജ് വ്യക്തമാക്കി. ഏതായാലും നിയമപരമായ എല്ലാ നടപടികളും ഇക്കാര്യത്തിൽ സ്വീകരിക്കുമെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.  രാഷ്ട്രപതിക്കും ഗവർണർക്കും ഇക്കാര്യത്തിൽ പരാതി നൽകുമെന്നും പി സി ജോർജ് പറഞ്ഞു. അതുകൊണ്ടുതന്നെ ഒരു മാസത്തിനുള്ളിൽ പിണറായി വിജയൻ രാജി വെക്കും എന്നാണ് പി സി ജോർജിന്റെ പ്രവചനം.
Previous Post Next Post