തിരുവനന്തപുരം; ബ്രൂവറി അഴിമതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസിന്‍റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നൽകണം.ജൂലൈ 17 ന് വിസ്താരം തുടരും.ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്..മുഖ്യമന്ത്രിയുടെ താല്പര്യ പ്രകാരം മുൻ എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ അനധികൃതമായി തീരുമാനമെടുത്തു ഇത് അഴിമതിയാണ് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
മുൻപ് വിജിലൻസ് അന്വേഷണം എന്ന ആവശ്യം ഹൈക്കോടതിയിൽ മറ്റൊരു റിട്ട് ഹർജിയിൽ ഉന്നയിച്ചിരുന്നത് ആണെന്നും, എന്നാൽ ഹൈക്കോടതി അനുവദിച്ചിരുന്നില്ല എന്നും, രമേശ് ചെന്നിത്തല തന്നെ വിജിലൻസ് അന്വേഷണത്തിനുളള മുൻകൂർ അനുമതിക്ക് അഴിമതി നിരോധന നിയമത്തിലെ section 17 A പ്രകാരം അപേക്ഷിച്ചത് ,അന്ന് ഗവർണർ നിഷേധിച്ചതാണ് എന്നും, പ്രോസിക്യൂട്ടര്‍ തടസ്സവാദം ഉന്നയിച്ചു.
നിലവിലെ സ്വകാര്യ അന്യായം മുൻകൂർ അനുമതി ഇല്ലാതെ ഫയലിൽ സ്വീകരിച്ചു. നടപടിയുമായി മുന്നോട്ട് പോകാൻ നിയമ തടസ്സം ഉണ്ട് എന്നും, രമേശ് ചെന്നിത്തല ആരോപിക്കുന്ന കാര്യങ്ങൾ അഴിമതി എന്ന് കാണാൻ കഴിയില്ല എന്നും , വിജിലൻസ് പ്രോസിക്യൂട്ടർ വാദിച്ചു.
എന്നാൽ, ക്രിമിനൽ നടപടി നിയമത്തിൽ, കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പോലീസ് അന്വേഷണം എന്നതിന് ഉപരിയായി, കോടതിയിൽ പരാതിക്കാരന് നേരിട്ട് പരാതി നൽകി, തെളിവ് നിരത്താൻ നിയമം അനുവദിക്കുന്നു എന്നും, അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം, സ്വകാര്യ അന്യായം വിജിലൻസ് കോടതികൾക്ക് തെളിവ് എടുത്തു വസ്തുതകൾ പരിശോധിച്ചു അഴിമതി ഉണ്ട് എന്ന് പ്രഥമദൃഷ്‌ട്യാ കാണുകയാണെങ്കിൽ ,പ്രോസിക്യൂഷൻ അനുമതി വാങ്ങുന്നതിന് നിർദേശിച്ചു ഉത്തരവ് നൽകാനും, ഈ നടപടികളുമായി ബന്ധപ്പെട്ട് കോടതിക്ക് രേഖകൾ ഹാജരാക്കാൻ ഉത്തരവ് ഇട്ടും, സാക്ഷികളെ വിളിച്ചു വരുത്തി വിസ്തരിക്കുന്നതിനും , വിജിലൻസ് കോടതിക്ക് അധികാരം ഉണ്ട് എന്നതും ആയിരുന്നു, പരാതിക്കാരന്‍റെ വാദം. അഴിമതി ആരോപണങ്ങൾ തെളിയിക്കുന്നതിന് വിജിലൻസ് പ്രോസിക്യൂട്ടർ തന്നെ തടസ്സ വാദം ഉന്നയിക്കുന്നത്, നിയമവാഴ്ച യോട് ഉള്ള വെല്ലുവിളി ആകുന്നു എന്ന ആക്ഷേപവും ഉയര്‍ത്തി. ഇരു ഭാഗത്തിന്‍റേയും വാദങ്ങള്‍ കേട്ട ശേഷമാണ് വിജിലന്‍സ് കോടതി കേസുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്.