ഫ്രാൻസിൽ ഇടതുപക്ഷത്തിന് വൻ മുന്നേറ്റം; മക്രോയ്ക്ക് കേവലഭൂരിപക്ഷം നഷ്ടമായി, മന്ത്രിമാരും തോറ്റു


പാരീസ്: ഫ്രാൻസിൽ രണ്ടാം ഘട്ട പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാതോടെ പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോയുടെ മധ്യ മുന്നണി എൻസെംബിളിന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ വലിയ മേൽക്കൈയാണ് നേടിയത്. ഴാൺ ലൂക് മെലൻഷോയുടെ നേതൃത്വം വത്തിലുള്ള ഇടതുപാര്‍ട്ടികളുടെ സഖ്യം 131 സീറ്റുകള്‍ നേടിയതോടെ രാജ്യത്തെ മുഖ്യപ്രതിപക്ഷമായി മാറി. 577 അംഗങ്ങളുള്ള നാഷണൽ അസംബ്ലിയിലേയ്ക്ക് ഇതാദ്യമായാണ് നാല് ഇടതുപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ച് മത്സരിക്കുന്നത്. ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ന്യൂപ്സ് സഖ്യത്തിനാണ് ചരിത്ര നേട്ടം. കഴിഞ്ഞ തവണ മുന്നൂറിലധികം സീറ്റുണ്ടായിരുന്ന മക്രോയുടെ മധ്യമുന്നണിയ്ക്ക് ഇക്കുറി 245 സീറ്റുകള്‍ മാത്രമാണുള്ളത്. എന്നാൽ തീവ്ര വലതുപക്ഷ നേതാവായ മരീൻ ലെ പെന്നിൻ്റെ നാഷണൽ റാലിയും 89 സീറ്റുകള്‍ നേടിയിട്ടുണ്ട്. മുന്നണി നേതാവ് മെലാൻഷോയുടെ ഫ്രാൻസ് അൺബൗഡ്, ഗ്രീൻസ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയാണ് ന്യൂപ്സ് സഖ്യകക്ഷികള്‍. ഈ വര്‍ഷം മെയിൽ നടന്ന തെരഞ്ഞെടുപ്പിൽ മക്രോയ്ക്കെതിരെ മത്സരിച്ച മെലൻഷോ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ജൂലൈ അഞ്ചിന് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് മെലൻഷോ. തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ അടുത്ത നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാകാനുള്ള മക്രോയുടെ ശ്രമങ്ങള്‍ക്കും തിരിച്ചടിയേറ്റു. അജയ്യനായ നേതാവ് എന്ന ഇമ്മാനുവൽ മക്രോയുടെ പ്രതിച്ഛായ തകര്‍ന്നെന്നായിരുന്നു ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകനായ ബ്രൂണോ സോട്രസ് അഭിപ്രായപ്പെട്ടത്. രാജ്യത്തെ വിരമിക്കൽ പ്രായം 65 വയസായി ഉയര്‍ത്തുന്നത് അടക്കമുള്ള മക്രോ സര്‍ക്കാരിൻ്റെ വിവാദപദ്ധതികളുടെ ഭാവി അസ്തമിച്ചെന്ന് തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ മെലൻഷോ വ്യക്തമാക്കി. മക്രോ തെരഞ്ഞെടുപ്പ് പരാജയത്തിലും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, 2012ൽ വെറും രണ്ട് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന മറീൻ ലെ പെന്നിൻ്റെ തീവ്ര വലതുപക്ഷ പാര്‍ട്ടി 89 അംഗങ്ങളായി വളര്‍ന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത. കേവലഭൂരിപക്ഷം നഷ്ടപ്പെട്ട മക്രോയുടെ മധ്യമുന്നണിയ്ക്ക് അവിശ്വാസ പ്രമേയത്തിൽ നിന്ന് രക്ഷപെടാനായി ഇനി സ്വീകരിക്കാവുന്ന മാര്‍ഗം ലെ പെന്നിൻ്റെ പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുക എന്നതു മാത്രമാണ്. പല മന്ത്രിമാരും പരാജയപ്പെട്ട സാഹചര്യത്തിൽ മക്രോ സര്‍ക്കാരിന് മന്ത്രിസഭാ പുനഃസംഘടനയും വേണ്ടിവരും ഫ്രഞ്ച് ചരിത്രത്തിൽ ആദ്യമായി രൂപപ്പെട്ട ഇടതുസഖ്യത്തിന് മൊത്തത്തിൽ സാഹചര്യം അനുകൂലമാണെങ്കിലും മുന്നണിയുടെ പ്രധാന സ്ഥാനാര്‍ഥികളിൽ ഒരാളായ സെഡ്രിക് വിലാനി 19 വോട്ടിന് മക്രോയുടെ എൻസെംബിളിനോടു പരാജയപ്പെട്ടത് തിരിച്ചടിയായിട്ടുണ്ട്.

Previous Post Next Post