നായ്ക്കളെ ഫ്രൈയായും കറിയായും വിളമ്പും; നാട്ടിൽ മോഷണം തകൃതി, യൂലിൻ ഭക്ഷ്യമേളയ്ക്കെതിരെ ചൈനയിൽ പ്രതിഷേധം


ബെയ്ജിംഗ്: കൊവിഡ് ഉയർത്തിയ ഭീഷണിയിൽ നിന്നും കരകയറുന്നതിനിടെ നായ്ക്കളുടെ മാംസം വിളമ്പുന്ന യൂലിൻ ഭക്ഷ്യമേളയ്ക്കെതിരെ ചൈനയിൽ പ്രതിഷേധം. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിലും നിർദേശങ്ങളിലും അയവ് വന്നതോടെയാണ് യൂലിൻ ഭക്ഷ്യമേള പഴയ രീതിയിൽ വീണ്ടും പുനഃരാരംഭിക്കാൻ തീരുമാനിച്ചത്. യൂലിൻ ഭക്ഷ്യമേളയ്ക്കെതിരെ മൃഗ സ്നേഹികൾക്കൊപ്പം നിരവധിയാളുകൾ പ്രതിഷേധവുമായി ഇത്തവണ രംഗത്തുണ്ട്. കൊവിഡ് ആശങ്കയാണ് ഇവരെ പ്രതിഷേധിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഭക്ഷ്യമേളയിൽ ഏകദേശം 15,000 നായ്ക്കളെ എങ്കിലും കൊന്നേക്കുമെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നായ്ക്കൾ ഉൾപ്പെടെ ഏകദേശം 29 ദശലക്ഷത്തിലധികം മൃഗങ്ങളാകും തീൻമേശയിലെത്തുക. നായയുടെ മാംസം ഭക്ഷിക്കുന്നതിന് ചൈനയിൽ നിയമ തടസമില്ലെങ്കിലും കൊവിഡ് വ്യാപനം അതിശക്തമായിരുന്ന 2020ൽ സർക്കാർ പുറത്തിറക്കിയ ഒരു നിർദേശമാണ് പ്രതിഷേധക്കാർ ഇപ്പോൾ ആയുധമാക്കുന്നത്. നായ്ക്കളും പൂച്ചകളും ഭക്ഷണത്തിനായുള്ള മൃഗങ്ങളല്ലെന്നും ഇവ ചങ്ങാത്ത മൃഗങ്ങൾ ആണെന്നുമാണ് ചൈനീസ് കാർഷിക മന്ത്രാലയം 2020ൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഈ നിർദേശം ഉയർത്തിക്കാട്ടിയാണ് മൃഗ സ്നേഹികൾ ഇപ്പോൾ രംഗത്തുവന്നത്. ഭക്ഷണത്തിനായി ആയിരക്കണക്കിന് നായ്ക്കളെ ആവശ്യമുള്ള യൂലിൻ ഭക്ഷ്യമേളയ്ക്കായി മോഷ്ടിച്ച നായ്ക്കളെയാണ് എത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. ചൈനയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നായ്ക്കളെ രഹസ്യമായി കടത്തിക്കൊണ്ട് പോകുകയാണെന്നും കൊവിഡ് പശ്ചാത്തലത്തിൽ പുറത്തിറക്കിയ നിർദേശങ്ങൾ അവഗണിക്കപ്പെടുകയാണെന്നും മൃഗ സ്നേഹികൾ വ്യക്തമാക്കി. ഒരു പ്രവശ്യയിൽ നിന്നും മറ്റൊരു പ്രവശ്യയിലേക്ക് നായ്ക്കളെ എത്തിക്കണമെങ്കിൽ ആരോഗ്യ - ക്വാറൻ്റൈൻ സർട്ടിഫിക്ക് ആവശ്യമായിരിക്കെ ഈ നിർദേശങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് ഇവർ ആരോപിച്ചു. രാജ്യത്ത് ഡോഗ് ഫാമുകൾ ഇല്ലാത്തതിനാൽ മോഷണം ശക്തമാണ്.

Previous Post Next Post