മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം തൈക്കടവിൽ അപ്പുക്കുട്ടന്‍റെ മകൻ ടി.എ. സിബിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചത് അയൽവാസിയുടെ വീട്ടിൽ


കോട്ടയം: യുവാവിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കാൻ സ്വന്തം വീട്ടിൽ സൗകര്യമില്ലാതെ വന്നപ്പോൾ സ്വന്തം വീട്ടുമുറ്റത്ത് സൗകര്യമൊരുക്കി നൽകി കോട്ടയത്തെ ഒരു കുടുംബം. അയൽവാസിയുടെ സങ്കടകരമായ അവസ്ഥ മനസ്സിലാക്കിയ ആലുങ്കൽ അലക്സാണ്ടർ മാത്യു എന്ന കൊച്ചുമോനാണ് സാഹോദര്യത്തിന്റെ മറുവാക്കായത്. മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം തൈക്കടവിൽ അപ്പുക്കുട്ടന്‍റെ മകൻ ടി.എ. സിബി (42) ആണ് മെഡിക്കൽ കോളജിൽ വെച്ച് വ്യാഴാഴ്ച മരിച്ചത്. വെറും മൂന്ന് സെന്‍റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സിബിയുടെ വീട്ടിലേക്ക് കയറി ചെല്ലാൻ ആകെയുള്ളത് ഒരു ഇടുങ്ങിയ നടപ്പാത മാത്രമാണ്. മൃതദേഹം ഈ വീട്ടിലേക്ക് എത്തിക്കുക അസാധ്യം. മാത്രമല്ല പൊതുദർശത്തിനും സൗകര്യമില്ല. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ സംസ്‌കാരം നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്.

മൃതദേഹം സിബിയുടെ വീട്ടുമുറ്റത്ത് വയ്ക്കാൻ സൗകര്യം ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് വീട്ടുകാർ മൃതദേഹവുമായി എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോഴാണ് നഗരസഭ അംഗം ജൂലിയസ് ചാക്കോ രക്ഷകനായി എത്തിയത്. കോട്ടയം നഗരസഭ പതിനേഴാം വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ ജൂലിയസ് ചാക്കോ സിബിയുടെ അയൽവാസി അലക്‌സാണ്ടർ മാത്യുവിനോട് മൃതദേഹം വീട്ടുമുറ്റത്ത് വയ്ക്കാൻ അനുവാദം ചോദിച്ചു.

അയൽവാസിയുടെ അവസ്ഥ അറിയാവുന്ന അലക്‌സാണ്ടർ മാത്യു എന്ന കൊച്ചുമോൻ വീട്ടുമുറ്റത്ത് പന്തൽ ഒരുക്കുകയായിരുന്നു. തുടർന്നു ഈ പന്തലിൽ മൃതദേഹം വയ്ക്കുന്നതിനും പൊതുദർശനത്തിനും അവസരം ഒരുക്കി. കഴിഞ്ഞ ദിവസം രാവിലെ എട്ടരക്ക് വീട്ടുമുറ്റത്ത് എത്തിച്ച മൃതദേഹം ഉച്ചവരെ ഇവിടെ പൊതുദർശനത്തിനായി വച്ചു. ഉച്ചയ്ക്ക് ശേഷം മാങ്ങാനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു.

Previous Post Next Post