വെള്ളിയാഴ്ച വൈകിട്ട് ഏഴു മണി മുതൽ കോട്ടയം നഗരത്തെ കിടുകിട വിറപ്പിച്ച്, ജനത്തെ മുൾമുനയിൽ നിർത്തി നഗരത്തിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ പോലീസിന് എന്തായിരുന്നു റോളെന്നാണ് നഗരം ചോദിക്കുന്നത്. വൈകിട്ട് അഞ്ചു മണി മുതൽ തന്നെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ കോട്ടയം നഗരമധ്യം കേന്ദ്രീകരിച്ച് പ്രകടനത്തിനായി തമ്പടിക്കുന്നുണ്ടായിരുന്നു. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്കു മാർച്ച് നടത്തുമെന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്വാനം. ഇതിനായി തയ്യാറെടുത്ത് ഏതാണ്ട് ആറര ഏഴു മണിയോടെയാണ് പ്രകടനം ആരംഭിച്ചത്. തിരുനക്കര മൈതാനത്തു നിന്നു പ്രകടനം ആരംഭിച്ചപ്പോൾ തന്നെ സ്വന്തം നേതാവിന്റെ ഓഫീസ് ആക്രമിച്ചതിലെ പ്രകോപനം വ്യക്തമായിരുന്നു. എന്നിട്ടു പോലും സാധാരണ ദിവസങ്ങളിൽ കോട്ടയം നഗരത്തിൽ ഉള്ളതിന്റെ പത്തിലൊന്ന് പോലീസ് യൂത്ത് കോൺഗ്രസ് പ്രകടനത്തിനു മുന്നിലുണ്ടായിരുന്നില്ല. വിരലിലെണ്ണാവുന്ന പോലീസ് സംഘം മാത്രമാണ് പ്രകടനത്തിന്റെ മുന്നിൽ നടന്നത്. പിണറായി വിജയന്‍റെ ചിത്രമുള്ള ഫ്‌ളക്‌സുകൾ പൂർണമായും കീറിയെറിഞ്ഞ് തങ്ങളുടെ പ്രകോപനം മുഴുവനും പുറത്തെടുത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നേറിയത്. അപ്പോഴെങ്കിലും കൂടുതൽ പോലീസിനെ ഏർപ്പെടുത്താൻ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർ ശ്രദ്ധ കാണിച്ചില്ല എന്നാണ് വിമർശനം.
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം ശീമാട്ടി റൗണ്ടാന ചുറ്റി കോട്ടയം ഗാന്ധിസ്‌ക്വയറിൽ എത്തിയപ്പോഴേയ്ക്കും ഇരുപതോളം വരുന്ന എസ്.എഫ്.ഐ- ഡിവൈഎഫ്‌ഐ പ്രവർത്തകർ സി.പി.എമ്മിന്റെ കോട്ടയത്തെ ഏറ്റവും തന്ത്രപ്രധാന കേന്ദ്രമായ മോട്ടോറോഫീസിന് സമീപത്ത് തയ്യാറായി നിൽപ്പുണ്ടായിരുന്നു. പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തിന്റെ റോഡിനു സമീപം പ്രകടനം എത്തിയപ്പോൾ എസ്.എഫ്.ഐ - ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരികെ പിണറായി വിരുദ്ധ മുദ്രാവാക്യവുമായി രംഗത്ത് എത്തി. ഇതിനിടെ പോലീസ് സംഘം പ്രവർത്തകർക്കിടയിലേക്ക് ചാടി വീണു. ഇരുവശത്തുമായുള്ള നൂറിലേറെ പ്രവർത്തകരെ നേരിടാൻ ആകെയുണ്ടായിരുന്നത് പത്തോളം പോലീസുകാർ മാത്രമായിരുന്നു. അപ്പോഴേയ്ക്കും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിക്കും, കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിക്കും തലക്ക് പരിക്കേറ്റ് ചോരയൊഴുകി.
പ്രകോപന മുദ്രാവാക്യങ്ങളിലൂടെ തുടങ്ങി ചോരചീന്തിയ സമര സംഘർഷമായി പ്രകടനം മാറിയതോടെ പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിൻതിരിപ്പിച്ചു. ഇതിനിടെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം രാധാകൃഷ്ണനും, നഗരസഭ പ്രതിപക്ഷ നേതാവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായി അഡ്വ.ഷീജ അനിലും അടക്കമുള്ളവർ സ്ഥലത്ത് എത്തി. സംഘർഷ വിവരം അറിഞ്ഞ് നിമിഷ നേരം കൊണ്ട് നൂറിലേറെ സി.പി.എം - ഡിവൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവർത്തകരും സ്ഥലത്ത് എത്തി. ഇതിനിടെയാണ് കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരോട് സി.പി.എം നേതാക്കൾ ആക്രോശിച്ച് രംഗത്ത് എത്തിയത്.
ചിന്റു കുര്യൻ ജോയിയുടെ തല പൊട്ടി രക്തം വാർന്നൊഴുകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം.സി റോഡ് ഉപരോധിക്കുകയായിരുന്നു. തങ്ങളെ അക്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തെങ്കിൽ മാത്രമേ തങ്ങൾ പിരിഞ്ഞ് പോകൂ എന്നതായിരുന്നു യൂത്ത് കോൺഗ്രസിന്റെ നിലപാട്. "ഒരു മണിക്കൂറായി റോഡ് ഉപരോധിക്കുന്നത് നിങ്ങൾ കാണുന്നില്ലേ.. നിങ്ങൾ അവരെ അറസ്റ്റ് ചെയ്യ്.. ഇല്ലെങ്കിൽ ഞങ്ങൾ അടിച്ചോടിക്കാം.." പ്രവർത്തകരെ പിരിച്ചു വിടുന്നതിനായും, സംഘർഷം ഒഴിവാക്കുന്നതിനുമായി ചർച്ചയ്‌ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനോട് സി.പി.എം നേതാവ് ഇങ്ങനെ ആക്രോശിച്ചു. ഒടുവിൽ പതിനഞ്ചു മിനിറ്റിന് ശേഷം പോലീസ് നിർദേശം അനുസരിച്ച് സിപിഎം പ്രവർത്തകർ പ്രകടനമായി പിരിഞ്ഞ് പോയി. ഇതേ തുടർന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആശുപത്രിയിലേയ്ക്കു പോയി.