ഇവിടെ ഒരു കാൽനടപ്പാലം ഉണ്ട്, ഇത് സഞ്ചാരയോഗ്യമാക്കാൻ ദേശീയ പാത അതോറിറ്റി വരണോ!




കാട് കയറി, കാൽനട യാത്രക്കാർ പുറത്ത്. പാമ്പാടിയിൽ നിന്നുള്ള ഒരു ദൃശ്യം 

പ്രത്യേക ലേഖകൻ 
പാമ്പാടി : ഈ കാട് വെട്ടിത്തെളിച്ച് കാൽനട യാത്രക്കാർക്ക് സൗകര്യം ഉറപ്പാക്കാൻ ദേശീയ പാത അതോറിറ്റി വരണോ? പാമ്പാടിയിലെ ജനങ്ങളുടെ ചോദ്യമാണിത്.

പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം ദേശീയ പാതയിലെ കരിമ്പിൻ പാലത്തിന്റെ വശത്തുകൂടി കാൽനട യാത്രക്കാർക്കായി നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് പാസേജ് ആണ് നാളുകളായി കാട് കയറി കിടക്കുന്നത്.

ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ സമീപമാണ് ഈ നിലയിൽ ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത നിലയിൽ കാൽനട യാത്രാപാലം കിടക്കുന്നത്. ഇതിനോട് ചേർന്ന് കാടുകയറി ഒരു ട്രാൻസ്ഫോർമറും നിൽക്കുന്നുണ്ട്.
തൊഴിലെടുപ്പ് പണികളിൽ ഏർപ്പെട്ടിട്ടുള്ള ഏതാനും തൊഴിലാളികളെ നിയോഗിച്ചാൽ ഈ ചെറുപാലം മണിക്കൂറുകൾക്കുള്ളിൽ കാൽനട യാത്രയ്ക്ക് അനുയോജ്യമാക്കാം. ഇതിന് ദേശീയ പാത ഉദ്യോഗസ്ഥരെ കാത്തിരിക്കേണ്ടതുണ്ടോ? 
ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് ഇത്രയെങ്കിലും ചെയ്ത് തരാൻ കഴിയില്ലേ എന്നാണ് ജനങ്ങളുടെ ചോദ്യം.

ദേശീയ പാതയിലെ വളവിലാണ് പാലം സ്ഥിതി ചെയ്യുന്നത്. വാഹനങ്ങളുടെ അമിത വേഗതയിൽ ഒട്ടും കുറവല്ല ഇവിടം. പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ, വിവിധ ബാങ്കുകൾ എന്നിവയെല്ലാം പ്രവർത്തിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. അതുകൊണ്ട് തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. 
ഒരപകടം എപ്പോൾ വേണമെങ്കിലും ഇവിടെ സംഭവിക്കാം. വാഹനങ്ങളുടെ പരക്കം പാച്ചിൽ ആ നിലയ്ക്ക് ആണ്.
ഇവിടെ കാൽനട യാത്രക്കാർക്ക് സുരക്ഷിതമായ സൗകര്യം പഞ്ചായത്ത് തന്നെ മുൻകൈ എടുത്ത് ക്രമീകരിക്കണമെന്ന ആവശ്യമാണ് പൊതുവായി ഉയരുന്നത്.


Previous Post Next Post