പാലക്കാട് അനസ് കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥനും അറസ്റ്റില്‍



അനസ്‌, ഫിറോസ്

പാലക്കാട്: പുതുപ്പള്ളി സ്വദേശി അനസിനെ അടിച്ചുകൊന്ന സംഭവത്തിൽ രണ്ട് പ്രതികളും അറസ്റ്റിൽ. മുഖ്യപ്രതി ഫിറോസിൻ്റെ സഹോദരനും പൊലീസുകാരനുമായ റഫീക്കിനെ ബുധനാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിലൂടെ റഫീഖിൻ്റെ പങ്ക് ബോധ്യപ്പെട്ടതോടെയാണ് റഫീക്കിനെ അറസ്റ്റ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥനായ റഫീക്കിനെ ഉടൻ കസ്റ്റഡിയിലെടുക്കില്ലെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ വന്നത്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ നിയമോപദേശം തേടിയതായി സൂചനയുണ്ടായിരുന്നു. എന്നാൽ ബുധനാഴ്ച രാത്രിയോടെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങി.

അനസിനെ അടിച്ചുകൊന്ന ഫിറോസ്, സഹോദരൻ കൂടിയായ റഫീക്കിനൊപ്പമാണ് ബൈക്കിൽ സംഭവ സ്ഥലത്തെത്തിയത്. ബൈക്കിൽ നിന്നിറങ്ങി അനസിനെ കൈയിൽ കരുതിയിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഫിറോസ് അടിച്ച് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിക്ടോറിയ കോളജിന് മുന്നിൽവെച്ചാണ് അനസിനെ ഇവർ മർദിച്ചത്. 

എന്നാൽ ബൈക്കിൽ നിന്ന് റഫീക്ക് ഇറങ്ങുന്നതിന് മുൻപ് തന്നെ ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ തല്ലി വീഴ്ത്തി. ഈ സാഹചര്യത്തിലാണ് റഫീക്കിനെതിരെ നടപടി എടുക്കാൻ പൊലീസ് സംശയിച്ചത്. എന്നാൽ ഫിറോസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് റഫീക്കിൻ്റെ പങ്ക് വ്യക്തമായതോടെ അറസ്റ്റിലേക്ക് നീങ്ങി. 

അനസ് ബോധരഹിതനായതോടെ ഇരുവരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് അനസിന് പരിക്കേറ്റെന്ന് ആശുപത്രി അതികൃതരോട് പറഞ്ഞതും റഫീഖ് ആയിരുന്നു. റഫീഖിനെ അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. 


Previous Post Next Post