തിരു./ കോഴിക്കോട്/ കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന്‍റെ പേരില്‍ ഇന്നലെ സംസ്ഥാനത്തുണ്ടായത് സംഘര്‍ഷ ഭരിതമായ ഒരു രാത്രി. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് നേരെ വൈകിട്ടോടെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. സെക്രട്ടേറിയേറ്റിലേക്ക് പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ വഴിനീളെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഫ്ലക്സ് ബോര്‍ഡുകള്‍ കീറിയെറിഞ്ഞു. മര്യാദകേട് എപ്പോഴും സഹിച്ചെന്ന് വരില്ലെന്നും സഹികെട്ടാല്‍ ശക്തമായി പ്രതികരിച്ചെന്ന് വരുമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് ഷിജു ഖാന്‍ പറഞ്ഞു. വി. ഡി. സതീശനേയും കെ. സുധാകരനെയും കോൺഗ്രസ് എംഎൽഎമാരേയും ആക്രമിക്കുമെന്ന സൂചന നൽകി പുറത്തിറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന് ഷിജു ഖാൻ പറഞ്ഞു. ഇടപ്പഴഞ്ഞി ഭാഗത്ത് നിന്ന് പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വെള്ളയമ്പലത്ത് ഇന്ദിര ഭവന് സമീപമെത്തിയതോടെ ഗേറ്റിന് അകത്ത് കടന്ന് കാര്‍ അടിച്ചു തകര്‍ത്തു. ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളെ അസഭ്യം പറഞ്ഞു. ഈ സമയം മുതിർന്ന നേതാവ് എ. കെ. ആന്റണി ഓഫീസിനകത്ത് ഉണ്ടായിരുന്നു. പൗഡിക്കോണത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം ഉണ്ടായി. ഓഫീസിന് മുന്നിലെ ബോര്‍ഡുകളും മറ്റും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കെപിസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പതാകകള്‍ കത്തിച്ചു. പ്രവര്‍ത്തകര്‍ വെള്ളയമ്പലം - ശാസ്തമംഗലം റോഡ് ഉപരോധിച്ചു. ഡിവൈഎഫ്‌ഐ നേതാവും മാവേലിക്കര എംഎല്‍എയുമായ അരുണിന്റെ വാഹനം നെടുമങ്ങാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പനച്ചമൂട്ടില്‍ ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ്സ് സംഘര്‍ഷം ഉണ്ടായി. പോലീസ് ലാത്തി വീശി. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെള്ളറട കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി.
..