'അഗ്നിപഥിൽ നിന്ന് പിന്നോട്ടില്ല'; റിക്രൂട്ട്മെൻ്റ് പ്രഖ്യാപിച്ച് പ്രതിരോധ സേനകൾ

 


ഡൽഹി: രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ അഗ്നിപഥ് സ്കീമിൻ്റെ റിക്രൂട്ട്മെൻ്റ് തീയതികൾ പ്രഖ്യാപിച്ച് പ്രതിരോധ സേനകൾ. വ്യോമസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ ജൂൺ 24 ന് തുടങ്ങും. ആദ്യ ബാച്ചിൻ്റെ പരിശീലനം ഡിസംബർ 30 ന് ആരംഭിക്കും. ഈ മാസം 25 ന് പരസ്യം നൽകുമെന്ന് നാവികസേന അറിയിച്ചു. കര, നാവിക, വ്യോമ സേനകളുടെ സംയുക്ത വാർത്താസമ്മേളനത്തിലാണ് അഗ്നിപഥ് റിക്രൂട്ട്മെൻ്റ് തീയതികൾ പ്രഖ്യാപിച്ചത്. 1989 മുതൽ അഗ്നിപഥ് പദ്ധതിയെ കുറിച്ചുള്ള ആലോചനകൾ തുടങ്ങിയിരുന്നുവെന്ന് ലഫ്. ജനറൽ അനിൽ പുരി പറഞ്ഞു. വ്യത്യസ്ത തരത്തിലുള്ള സൈനികരെ ആവശ്യമുണ്ട്. വേദനയില്ലാതെ മാറ്റം വരുത്താനുള്ള സമയമാണിത്. സൈനിക ജോലി വൈകാരികമാണ്, പണം നൽകി അത് അളക്കാനാവില്ല. സൈനികർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അഗ്നിവീറുകൾക്കും ലഭിക്കും. ഇതിൽ വിവേചനം ഉണ്ടാകില്ല. സർവീസിലിരിക്കെ വീരമൃത്യു വരിച്ചാൽ ഒരു കോടി രൂപ അഗ്നിവീറിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും. അടുത്ത അഞ്ചുവർഷത്തിനു ശേഷം അഗ്നിവീറുകളുടെ വേതനം 50,000-60,000 രൂപയിലേക്ക് എത്തും. ഭാവിയിൽ ഒന്നേകാൽ ലക്ഷം രൂപ വരെ വേതനം ഉയരുമെന്നും അദ്ദേഹം അറിയിച്ചു. അഗ്നിപഥ് സ്കീമിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ അഗ്നിവീർ ബാച്ചിൻ്റെ രജിസ്ട്രേഷൻ ജൂൺ 24 ന് ആരംഭിക്കുമെന്ന് എയർ മാർഷൽ എസ് കെ ഝാ പറഞ്ഞു. ജൂലൈ 24 ന് ഓൺലൈൻ പരീക്ഷയ്ക്കുള്ള നടപടിക്രമം ആരംഭിക്കും. ആദ്യ ബാച്ചിൻ്റെ പരിശീലനം ഡിസംബർ 30 ന് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ മാസം 25 ന് നാവിക സേനയുടെ റിക്രൂട്ട്മെൻ്റ് പരസ്യം നൽകുമെന്ന് വൈസ് അഡ്മിറൽ ദിനേഷ് ത്രിപാഠി അറിയിച്ചു. ഒരു മാസത്തിനുള്ളിൽ പരീക്ഷ നടക്കും. വനിതാ അഗ്നിവീറുകളെ നേവി റിക്രൂട്ട് ചെയ്യും. വനികളെ സെയിലറായാണ് നിയമിക്കുക. ഈ വർഷം നവംബർ 21 ന് ഐഎൻഎസ് ചിൽക്കയിൽ നേവൽ അഗ്നിവീറുകളുടെ ട്രെയിനിങ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആർമിയുടെ റിക്രൂട്ട്മെൻ്റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്മെൻ്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കും. ഡിസംബർ ആദ്യവാരവും അടുത്തവർഷം ഫെബ്രുവരി 23 നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. ആദ്യ ബാച്ചിൽ 25000 അഗ്നിവീറുകൾ ഉണ്ടാകുമെന്ന് അനിൽ പുരി അറിയിച്ചു. ഇന്ത്യൻ ആർമിയുടെ അടിസ്ഥാനം തന്നെ അച്ചടക്കമാണ്. തീവെപ്പിനും നശീകരണത്തിനും സ്ഥാനമില്ല. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പോലും ലഭിക്കില്ലെന്ന് അനിൽ പുരി പറഞ്ഞു.

Previous Post Next Post