പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ വേങ്ങര മുതൽ നിലമ്പൂർ വരെ ഓടിനടന്ന് വിവാഹം; സ്വർണാഭരണങ്ങൾ വിൽക്കും, സാമ്പത്തിക ബാധ്യത വരുത്തും,

 


മലപ്പുറം: വിവിധയിടങ്ങളിൽ വിവാഹത്തട്ടിപ്പ് നടത്തിയയാൾ കോട്ടക്കൽ പോലീസിന്റെ പിടിയിൽ. കൊല്ലം മൈനാഗപ്പള്ളി പുത്തൻപുര വടക്കേതിൽ സജീറിനെയാണ് മലപ്പുറം കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര,അരീക്കോട്, ഒതുക്കുങ്ങൽ, വെട്ടിച്ചിറ,നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും പ്രതി വിവാഹം കഴിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ സ്വർണാഭരണങ്ങൾ വിറ്റും സാമ്പത്തിക ബാധ്യത വരുത്തിയും മുങ്ങുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.

രണ്ട് വർഷം മുൻപ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിലമ്പൂർ സ്വദേശിനിയുമൊത്ത് കാടാമ്പുഴയിൽ വാടകയ്ക്കു താമസിച്ചിരുന്ന പ്രതി വെട്ടിച്ചിറയിൽ നിന്നും പിടിയിലാകുന്നത്. നിലവിൽ ഇയാൾ എത്ര സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയ്ക്കൽ എസ്ഐ എസ്കെ പ്രിയൻ, എസ്ഐ സുഗീഷ് കുമാർ, സിപിഒ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്‌.

Previous Post Next Post