കൊവിഡ് കാല സഹായത്തിന് പ്രത്യുപകാരം; ഇന്ത്യ കുവൈറ്റിലേക്ക് ഗോതമ്പ് കയറ്റി അയക്കും


 കുവൈറ്റ് സിറ്റി: കൊവിഡ് കാലത്ത് ഓക്‌സിജന്‍ ഉള്‍പ്പെടെ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കിയ കുവൈറ്റിന് പ്രത്യുപകാരം ചെയ്യാന്‍ ഇന്ത്യ. കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയ ഗോതമ്പ് ഉള്‍പ്പെടെ കുവൈറ്റിന് ആവശ്യമായ എല്ലാ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും നല്‍കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റിനോടുള്ള നന്ദി സൂചകമായി ഗോതമ്പ് കയറ്റുമതി നിരോധനത്തില്‍ നിന്ന് രാജ്യത്തെ ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ട്.കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി ഫഹദ് അല്‍ ശരീആനുമായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഉറപ്പ് നല്‍കിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് രാജ്യത്തെ ആശുപത്രികള്‍ നേരിട്ട ഓക്‌സിജന്‍ ക്ഷാമത്തിന് ആശ്വാസം പകരാന്‍ ഇന്ത്യയിലേക്ക് 215 മെട്രിക് ടണ്‍ ഓക്‌സിജനും ആയിരത്തിലധികം സിലിണ്ടറുകളും കുവൈറ്റ് കയറ്റി അയച്ചിരുന്നു. അടിയന്തര ഘട്ടത്തില്‍ രാജ്യത്തിനൊപ്പം നിന്ന കുവൈറ്റിനെ ഈ നിര്‍ണായക സമയത്ത് സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗോതമ്പ് കയറ്റുമതി നിരോധനത്തില്‍ നിന്ന് രാജ്യത്തെ ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഗോതമ്പ് കയറ്റുമതി നിരോധനം ഒഴിവാക്കുന്നതിന് പുറമെ കുവൈറ്റിന് വേണ്ട മറ്റ് ഭക്ഷ്യ സാധനങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് അംബാസഡര്‍ അറിയിച്ചതായും അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

أحدث أقدم