തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിൽ സാക്ഷിയായ സരിത എസ് നായർ ഇന്ന് രഹസ്യമൊഴി നൽകും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് രഹസ്യമൊഴി നൽകുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജ് തന്നെ സമീപിച്ചതായി സരിത പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തെ മൊഴി നൽകിയിരുന്നു.
പി സി ജോർജ്, സ്വപ്ന സുരേഷ് എന്നിവർക്ക് പുറമെ ക്രൈം നന്ദകുമാറിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. കേസിൽ സ്വപ്‌ന ഒന്നാം പ്രതിയും പി സി ജോർജ് രണ്ടാം പ്രതിയുമാണ്. സരിതയുടെ രഹസ്യമൊഴി അനുസരിച്ച് ഗൂഡാലോചനാ കേസിൽ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംംഘത്തിന്‍റെ തീരുമാനം.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിൽ പി സി ജോർജിനെയും സ്വപ്‌ന സുരേഷിനെയും സരിത്തിനെയും പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്നയെ ഇഡി ചോദ്യം ചെയ്യുകയാണ്. ഇഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായാലുടൻ ഹാജരാകണമെന്ന് നിർദേശിക്കാനാണ് പ്രത്യേകാന്വേഷണ സംഘം ആലോചിക്കുന്നത്.
തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും എതിരെ സ്വർണക്കടത്ത് കേസിലെ പ്രതികളും പി സി ജോർജും ചേർന്ന് ഗൂഢാലോചന നടത്തുന്നതായി കെ ടി ജലീൽ എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം. സ്വപ്നയുടേയും പി സി ജോർജിന്റേയും ഫോൺ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.