പാലക്കാട്ട് യൂത്ത് കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം; ഷാഫി പറമ്പിൽ അടക്കം അറസ്റ്റിൽ

 


പാലക്കാട് : സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെ നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിങ്കളാഴ്ച പകൽ 12 ഓടെയാണ് മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് കളക്ടറേറ്റിലേക്ക് പ്രവർത്തകർ മാർച്ചു നടത്തിയത്. പിണറായി വിജയൻ്റെയും സ്വപ്ന സുരേഷിൻ്റെയും മുഖംമൂടി ധരിച്ച രണ്ടുപേരെ പരസ്പരം വിലങ്ങുവെച്ച് മാർച്ചിന് മുന്നിൽ അണിനിരത്തിയിരുന്നു. പ്രവർത്തകരിൽ ഭൂരിഭാഗവും കറുത്ത വസ്ത്രം ധരിച്ചാണെത്തിയത്. ഇവരുടെ കൈകളിൽ കറുത്ത ബലൂണുകളുമുണ്ടായിരുന്നു. മുദ്രാവാക്യം വിളികളുമായി പാഞ്ഞെത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡിന് മുകളിൽ കയറി. കൈകളിലുണ്ടായിരുന്ന കൊടികൾ സിവിൽ സ്റ്റേഷന് അകത്ത് നിന്നിരുന്ന പോലീസിന് നേരെ വലിച്ചെറിഞ്ഞു. തുടർന്ന് മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. 'കേരളത്തിലെ ജനങ്ങൾക്ക് മാനക്കേട് ഉണ്ടാക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പോലീസിനെയും പാർട്ടി ഗുണ്ടകളെയും കൊണ്ട് സമരക്കാരെ നേരിടുന്ന രീതിയാണ് സർക്കാരിൻ്റേത്. കേരളത്തിൻ്റെ മനസ് പിണറായിക്കൊപ്പമല്ലെന്നത് തെളിയിക്കുന്നതാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് മുതലുള്ള കാര്യങ്ങൾ'- റിജിൽ മാക്കുറ്റി പറഞ്ഞു. അതിന് ശേഷം വീണ്ടും മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമച്ചതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായത്. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംഘർഷത്തിനിടെ നിരവധി പ്രവർത്തകർ നിലത്തുവീണു. പലതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെയിരുന്ന പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഷാഷി പറമ്പിൽ എംഎൽഎ ഉൾപ്പെടെയുള്ളവർ റോഡിൽ കിടന്ന് പ്രതിരോധിച്ചെങ്കിലും എംഎൽഎയെ വരെ പോലീസ് പൊക്കിയെടുത്ത് പോലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. നേതാക്കളെ മുഴുവൻ കളക്ടറേറ്റിന് മുന്നിൽ നിന്ന് മാറ്റിയതോടെ അണികളെ പോലീസ് വിരട്ടിവിട്ടു. സംസ്ഥാനത്ത് ഉടനീളം മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലെല്ലാം യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുമെന്നും സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി സ്വയം കണ്ണടച്ചിട്ട് കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ ഇരുട്ടാണെന്ന് ധരിക്കരുത്. പ്രതിഷേധങ്ങളെ പേടിയാണെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും ഷാഫി പറഞ്ഞു.


Previous Post Next Post