വീടിനു സമീപം അനധികൃത മണ്ണെടുപ്പ്; ചിത്രം പകര്‍ത്തിയ പെണ്‍കുട്ടിയെ മര്‍ദിച്ചതായി പരാതി


 
മൂവാറ്റുപുഴ: വീടിനു സമീപം അനധികൃതമായി മണ്ണെടുക്കുന്നതിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടിയെ മര്‍ദിച്ചതായി പരാതി. മാറാടി പഞ്ചായത്തിലെ 20ാം വാര്‍ഡിൽ കാക്കൂച്ചിറ വേങ്ങപ്ലാക്കൽ ലാലുവിന്റെ മകൾ അക്ഷയക്കാണ് മർദനമേറ്റത്. മണ്ണെടുക്കുന്ന ചിത്രം മൊബൈലിൽ പകർത്തുന്നതിനിടെ സ്ഥലം ഉടമ പെൺകുട്ടിയുടെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് പരാതി.

ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. പരിക്കേറ്റ പെൺകുട്ടിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. കുറ്റക്കാരെ ഉടൻ പിടികൂടമെന്ന് പൊലീസ് അറിയിച്ചു.

വീട്ടിൽ മകൾ മാത്രമുള്ള സമയത്താണ് ജെസിബിയും ടിപ്പറുമായി പ്രതികൾ മണ്ണെടുക്കാനെത്തിയതെന്ന് ലാലു പറഞ്ഞു. വീടിനു താഴ്ഭാഗത്ത് 20 അടി താഴ്ചയിലാണ് മണ്ണെടുക്കുന്നത്.

ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. സമീപവാസികളുടെ പരാതിയിൽ മണ്ണെടുപ്പ് നിർത്തി വച്ചിരുന്നു. വീണ്ടും മണ്ണെടുക്കുകയാണെങ്കിൽ അറിയിക്കണമെന്ന് പൊലീസിന്റെ നിർദേശമുണ്ടായിരുന്നു. ഇതനുസരിച്ചാണ് പെൺകുട്ടി ചിത്രം പകർത്തിയത്.

മണ്ണ് ഖനനത്തിന് റവന്യൂ വകുപ്പും മാറാടി പഞ്ചായത്തും അനുമതി നല്‍കിയിട്ടില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മാറാടി വില്ലേജ് പഞ്ചായത്തും പ്രതികരിച്ചു.
أحدث أقدم