കണ്ണൂര്‍: പേരാവൂരില്‍ മദ്യപിച്ച് വീട്ടിലെത്തി അച്ഛനെ നിലത്തിട്ട് ചവിട്ടിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍. മാര്‍ട്ടിന്‍ ഫിലിപ്പിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനാണ് മകന്റെ മര്‍ദ്ദനമേറ്റത്. വീട്ടിനകത്തുള്ള സാധനങ്ങള്‍ പുറത്തേക്ക് വലിച്ചിട്ട് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മാര്‍ട്ടിന്‍ ഫിലിപ്പിനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മദ്യപിച്ചെത്തി ഇയാള്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടുകാര്‍ തന്നെയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇതില്‍ പ്രകോപിതനായ മാര്‍ട്ടിന്‍ വീട്ടിലെ സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചിട്ട് അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇയാള്‍ കടുത്ത മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ വാടകയ്ക്ക് താമസിച്ച് സ്ഥലത്തു നിന്നും ഇയാള്‍ സമാനമായ രീതിയില്‍ പെരുമാറിയിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മാര്‍ട്ടിനെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.