മുഖ്യമന്ത്രി രാജിവെയ്ക്കണം, അന്വേഷണം ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും കെ.സുധാകരന്‍ എംപി






കണ്ണൂർ:നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ .
സ്വര്‍ണ്ണക്കടത്ത് കേസില്‍ സുതാര്യമായ അന്വേഷണം സാധ്യമാകണമെങ്കില്‍ ജുഡീഷ്യറിയുടെ മേല്‍ നോട്ടം ഉണ്ടാകണമെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ വിശ്വാസം നഷ്ടമായെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യതയില്ല.ബിരിയാണി പാത്രത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി ആ കസേരയില്‍ തുടരുന്നത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്. ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവെച്ച് അന്വേഷണത്തെ നേരിടാനുള്ള ജനാധിപത്യ വിവേകവും തന്റേടവും ധാര്‍മ്മികതയും മുഖ്യമന്ത്രി കാണിക്കണം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ തയ്യാറാകണം.

 ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ തലകുനിച്ച് നടന്ന് പോകുന്ന മുഖ്യമന്ത്രി സ്വയം പരിഹാസപാത്രമായി മാറിയെന്നും സത്യം പുറത്ത് വരണമെങ്കില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ സിബിഐ അന്വേഷണമോ,ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നും സുധാകരന്‍ പറഞ്ഞു.
Previous Post Next Post