ഹാജിപ്പൂരില്‍ ജമ്മു താവി എക്‌സ്പ്രസിനു പ്രതിഷേധക്കാര്‍ തീവച്ചപ്പോള്‍/പിടിഐ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നു. ബിഹാറിലും ഉത്തര്‍പ്രദേശിലും ഇന്നും അക്രമം അരങ്ങേറി. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ഹാജിപൂരില്‍ ജമ്മു താവി എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ സമരക്കാര്‍ തീവെച്ചു. സമസ്തിപൂരില്‍ സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ട്രെയിനും തീയിട്ടു.
ബിഹാറിലെ ബുക്‌സറില്‍ നൂറോളം വരുന്ന പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചു. റെയില്‍വേ ട്രാക്കിനും കേടുപാടു വരുത്തി. സമരക്കാര്‍ റെയില്‍-റോഡ് ഗതാഗതം തടഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന് ബിഹാറില്‍ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 72 തീവണ്ടികള്‍ വൈകിയാണ് ഓടുന്നതെന്നും റെയില്‍വേ അറിയിച്ചു.
മുംഗര്‍ ഗംഗ പാലം പ്രതിഷേധക്കാര്‍ ഉപരോധിച്ചതോടെ, ഭഗല്‍പൂര്‍-പാട്‌ന റോഡില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ഉത്തര്‍പ്രദേശിലെ ബലിയയില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ ആക്രമിച്ചു. നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തകര്‍ത്തു. മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം കത്തുകയാണ്.
പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഹരിയാനയിലെ ഫരീദാബാദില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പല്‍വാല്‍ ജില്ലയിലും, ബല്ലഭ്ഗാര്‍ഹ് സബ് ഡിവിഷനിലുമാണ് നിയന്ത്രണം.
സൈന്യത്തിലേക്ക് ഹ്രസ്വകാല നിയമനം നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് അഗ്‌നിപഥ്. നാല് വർഷത്തേക്ക് മാത്രമായി പ്രതിവർഷം 46000 യുവാക്കളെ സേനയിലേക്ക് റിക്രൂട്ട് ചെയ്യാനാണ്ഉ അഗ്‌നിപഥിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. സമരം രൂക്ഷമായതോടെ, പ്രതിഷേധം തണുപ്പിക്കാന്‍യർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.