വൈദികൻ അശ്ലീല വീഡിയോ അയച്ചത് നാനൂറിലേറെ വനിതകളുള്ള ​ഗ്രൂപ്പിലേക്ക്; വിശദീകരണവുമായി വൈദികന്‍


കണ്ണൂർ: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ലീല വീഡിയോ അയച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കൊട്ടിയുരിനടുത്തെ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് ആരോപണം. സംഭവത്തില്‍ വിശദീകരണവുമായി വൈദികന്‍ രംഗത്ത് എത്തിയിട്ടുണ്ട്. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ർ മാനന്തവാടി ബിഷപ്പിനെ സമീപിക്കുകയായിരുന്നു.

മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയാണ് ഫാദർ സെബാസ്റ്റ്യൻ കീഴേത്ത്. നാനൂറിലധികം വനിതകളുള്ള ഗ്രൂപ്പിലേക്കാണ് അശ്ലീല വീഡിയോ അയച്ചത്. പരാതി ഉയർന്നതോടെ വൈദികനെ ചുമതലകളിൽ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടർ നടപടി ഉണ്ടാകുമെന്നാണ് രൂപതയുടെ വിശദീകരണം.

എന്നാൽ വീഡിയോ അയച്ചതിൽ പിശക് പറ്റിയതാണ് എന്നാണ് ഫാദർ സെബാസ്റ്റ്യൻ കീഴേത്തിന്റെ വിശദീകരണം. മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോൾ പിശക് പറ്റിയെന്നാണ് ‌വാദം. നേരത്തെ അടയ്ക്കാത്തോടിനടുത്തെ കൊട്ടിയൂരിൽ മത പഠനത്തിനെത്തിയ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ റോബിൻ ഇപ്പോൾ ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് വർഷങ്ങൾക്ക് ഇപ്പുറം കണ്ണൂരിൽ മറ്റൊരു വൈദികനെതിരെ ആരോപണം ഉയരുന്നത്.

Previous Post Next Post