ന്യൂഡൽഹി: ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഭരണകക്ഷിയായ എഎപിക്ക് തിരിച്ചടി. എഎപിയുടെ സിറ്റിങ് സീറ്റായ സങ്‍രൂർ മണ്ഡലത്തിൽ ശിരോമണി അകാലിദളിന്റെ സിമ്രൻജിത് സിങ് വിജയിച്ചു. ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയം. മികച്ച വിജയമാണെന്നും സന്തോഷമുണ്ടെന്നും സിമ്രൻജിത് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആം ആദ്മിക്കായി ജില്ലാ അദ്ധ്യക്ഷൻ ഗുർമെയിൽ സിങ്ങും കോൺഗ്രസിനു വേണ്ടി മുൻ എംഎൽഎ ദൽവിർ സിങ് ഗോൾഡിയുമാണു മത്സര രംഗത്തുണ്ടായിരുന്നത്. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസവാലയുടെ കൊലപാതകം ഉൾപ്പെടെ വിഷയങ്ങൾ ഇവിടെ ചർച്ചയായിരുന്നു.
ഉത്തർപ്രദേശിലെ അസംഗഡ്, റാംപുർ മണ്ഡലങ്ങളിൽ ബിജെപി വിജയം നേടി. അസംഗഡിൽ ബിജെപിയുടെ ദിനേഷ് ലാൽ യാദവ് വിജയിച്ചു. റാംപുരിൽ ബിജെപി സ്ഥാനാർഥി ഗൻശ്യാം ലോധി 40,000ത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. സമാജ്‌വാദി പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളാണ് ഈ രണ്ടു മണ്ഡലങ്ങളും. അഖിലേഷ് യാദവ് (അസംഗഡ്), മുഹമ്മദ് അസം ഖാൻ (റാംപുർ) എന്നിവർ യുപി നിയമസഭാംഗങ്ങളായതോടെയാണ് ഇവിടെ ഒഴിവു വന്നത്.
നാല് സംസ്ഥാനങ്ങളിലെ ഏഴു മണ്ഡലങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോൺഗ്രസും വിജയിച്ചു. ജുബരജ് നഗർ, ടൗൺ ബോർഡോവലി, അഗർത്തല, സുർന എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ടൗൺ ബോർഡോവലി മണ്ഡലത്തിൽ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ 6,000 വോട്ടുകൾക്ക് വിജയിച്ചു. അഗർത്തലയിൽ കോൺഗ്രസിന്റെ സുധിപ് റോയ് ബർമൻ ജയിച്ചു. ജുബരജ് നഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു.
ഡൽഹി രാജേന്ദർ നഗറിൽ ആംആദ്മിയുടെ ദുർഗേഷ് പഥക് വിജയിച്ചു. 11,000ത്തിലധികം വോട്ടുകൾക്കാണ് ജയം. ജാർഖണ്ഡിലെ മന്തർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. ആന്ധ്ര പ്രദേശിൽ ആത്മകൂർ മണ്ഡലം വൈഎസ്ആർ–കോൺഗ്രസ് നിലനിർത്തി.