കൊച്ചി: രണ്ടുതവണ നറുക്കെടുത്തപ്പോഴും ഭാഗ്യം ഒപ്പം നിന്ന ബിജെപിയുടെ പത്മകുമാരിക്ക് കൗണ്‍സിലറായി തുടരാം. കൊച്ചി കോർപറേഷന്‍ ഐലന്‍ഡ് നോര്‍ത്തിലെ കൗണ്‍സിലറായിരുന്ന ടി പത്മകുമാരിയാണ് കൈവിട്ടുപോകേണ്ടിയിരുന്ന കൗണ്‍സിലര്‍ സ്ഥാനം ഭാഗ്യംകൊണ്ടുമാത്രം നിലനിര്‍ത്തിയത്. ഇത്തവണ കോടതി മുറിയില്‍ നറുക്കെടുപ്പ് നടന്നപ്പോഴും ഭാഗ്യം പത്മകുമാരിക്കൊപ്പം നിന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിനാണ് ബിജെപി അംഗമായ പത്മകുമാരി വിജയിച്ചത്. കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാലിനെയായിരുന്നു പരാജയപ്പെടുത്തിയത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഇതുവരെ ഇല്ലാത്ത പ്രക്രിയയാണ് ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനില്‍ നടന്നത്. 496 പേര്‍ വോട്ട് ചെയ്‌തെങ്കിലും പോളിങ് തീര്‍ന്നപ്പോള്‍ മെഷീനില്‍ രേഖപ്പെടുത്തിയത് 495 വോട്ട് മാത്രം. ഒരു വോട്ടുകൂടിയുണ്ടെങ്കിലെ കണക്ക് തുല്യമാക്കി തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനാകൂ.
ഒടുവില്‍ എല്ലാ പാര്‍ട്ടിക്കാരുടെയും സമ്മതത്തോടെ പ്രിസൈഡിങ് ഓഫീസര്‍ ഒരു വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. ആര്‍ക്ക് വോട്ടുചെയ്യണമെന്ന് നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. അന്നും നറുക്കുവീണത് പത്മകുമാരിക്കായിരുന്നു. അതുപ്രകാരം പ്രിസൈഡിങ് ഓഫീസര്‍ താമരയ്ക്ക് വോട്ടുചെയ്തു. എന്നാല്‍, വോട്ടെണ്ണിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പത്മകുമാരി ജയിച്ചത് ഒരു വോട്ടിന്. അത് പ്രിസൈഡിങ് ഓഫീസര്‍ ക്രമവിരുദ്ധമായി ചെയ്ത വോട്ടാണെന്നു കാട്ടി എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എന്‍ വേണുഗോപാല്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു.
എന്‍ വേണുഗോപാലിന്റെ വാദം കോടതി അംഗീകരിച്ചു. ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തിലാണ് പ്രിസൈഡിങ് ഓഫീസര്‍ വോട്ടുചെയ്തതെന്ന് വിലയിരുത്തുകയും ആ വോട്ട് റദ്ദാക്കുകയും ചെയ്തു. ഇതോടെ ബിജെപി സ്ഥാനാര്‍ഥിക്കും യുഡിഎഫ് സ്ഥാനാര്‍ഥിക്കും 181 വോട്ടുവീതം തുല്യമായി വന്നു. വിജയിയെ തെരഞ്ഞെടുക്കാന്‍ ബുധനാഴ്ച കോടതി മുറിയില്‍ നറുക്കെടുപ്പു നടന്നു. കോടതിമുറിയില്‍ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പിലും പത്മകുമാരിയെ തന്നെ ഭാഗ്യം തുണച്ചു.
എന്‍ വേണുഗോപാല്‍ വിജയിച്ചിരുന്നെങ്കില്‍ അതിന്റെ ബലത്തില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ തയാറാക്കി വരികയായിരുന്നു. സ്വതന്ത്രരെ യുഡിഎഫ് ചേരിയിലേക്ക് കൊണ്ടുവന്ന് കോർപറേഷന്‍ ഭരണം തിരിച്ചുപിടിക്കാനുള്ള ആലോചനകളാണ് നടന്നത്. എന്നാല്‍, അതെല്ലാം വിഫലമാക്കുന്ന വിധത്തില്‍ ഭാഗ്യം പിന്നെയും ബി ജെ പിയെ തുണക്കുകയായിരുന്നു. വീണ്ടും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട പത്മകുമാരിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.