കൊച്ചി: സിബിഐ പ്രോസിക്യൂട്ടർ പരാജയപ്പെട്ടതോടെയാണ് അഭയ കേസ് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ. സിബിഐ പ്രോസിക്യൂട്ടർ കോടതിയിൽ പൂർണമായി പരാജയപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടർക്ക് കോടതിയിൽ ഒന്നും പറയാനായില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി ഒന്നരവർഷമായിട്ടും കൗണ്ടർ പെറ്റീഷൻ നൽകാൻ സിബിഐ തയ്യാറായില്ല. അപ്പീലിൽ സിബിഐക്ക് വേണ്ടി വാദിക്കാൻ എത്തിയത് തെലങ്കാനയിൽ നിന്നുള്ള വക്കീലാണ്. ഈ സാഹചര്യത്തിൽ അഭയ കേസ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സിബിഐ സഹായം ചെയ്തോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ലെന്ന് ജോമോൻ ആരോപിച്ചു.
വിവരങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സിബിഐ പരാജയപ്പെട്ടു. മുൻപ് സിബിഐ കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി വാദിച്ച അഭിഭാഷകൻ ഹൈക്കോടതിയിലേക്ക് തിരിഞ്ഞ് പോലും നോക്കിയില്ല. ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയാണ് വെണ്ടത്.
അഭയ കേസിൽ സിബിഐക്ക് സംഭവിച്ച വീഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സിബിഐ ഡയറക്ടർക്കും പരാതി നൽകുമെന്നും കോടതി വിധിയുണ്ടായതിന് പിന്നാലെ ജോമോൻ പുത്തൻപുരയ്ക്കൽ വ്യക്തമാക്കി.
അഭയ കേസ് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കാണ് ഹൈക്കോടതി ഡിവഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. സംസ്ഥാനം വിടരുത്, അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നീ ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
49 സാക്ഷികളെ ഉൾപ്പെടെ വിസ്തരിച്ച ശേഷമായിരുന്നു അഭയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. 1992 മാർച്ച് 27നാണ് കോട്ടയം ബിസിഎം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.