തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകൾ കൂടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്


തിരുവനന്തപുരം: നെടുമങ്ങാട് പത്താംകല്ലില്‍ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. രാവിലെ 11 മണിയോടെ നെടുമങ്ങാട് വാളിക്കോട് വിഐപി ജംഗ്ഷന് സമീപമാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും പൊന്‍മുടിയിലേക്ക് പോയ നെടുമങ്ങാട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസും പാലോട് നിന്നും തിരുവനന്തപുരത്ത് പോയ പാലോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും തമ്മില്‍ ഇടിച്ചാണ് അപകടം. ബസ് ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ പതിനഞ്ചോളം പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഡ്രൈവര്‍ക്ക് കാലില്‍ പൊട്ടലുണ്ട്. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസുകൾ മാറ്റിയിട്ട് ഗതാഗതം പുനസ്ഥാപിച്ചത്.

Previous Post Next Post