കോട്ടയം : മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിൻ്റെ പേരിൽ കോട്ടയത്ത് മാധ്യമ പ്രവർത്തകർക്ക് സമ്മേളന നഗരയിൽ പ്രവേശിക്കുന്നതിന് പാസ് വിതരണം ചെയ്യുകയും, റിപ്പോർട്ടിംഗിനായി എത്തിയ ചില മാധ്യമ പ്രവർത്തകരുടെ കറുത്ത നിറമുള്ള മാസ്ക് അഴിപ്പിക്കുകയും ചെയ്ത പോലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഘടകം പ്രതിക്ഷേധിച്ചു.
വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്ന ദൗത്യം നിർവ്വഹിക്കാനായി എത്തുന്ന മാധ്യമ പ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തുന്ന നടപടികൾ ജനാധിപത്യ വിരുദ്ധമാണ്. പോലീസിൻ്റെ ഇത്തരം കിരാത നടപടികളിൽ യൂണിയൻ ശക്തിയായി പ്രതിക്ഷേധിക്കുന്നു.
ഭാവിയിൽ ഇത്തരം നടപടികളിൽ നിന്നും പോലീസിനെ പിന്തിരിപ്പിക്കുവാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യനും, സെക്രട്ടറി റോബിൻ തോമസ് പണിക്കരും ആവശ്യപ്പെട്ടു.