സ്വർണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് ഒരേദിവസം ഒരേസമയം ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി കേരളാപോലീസും ഇ.ഡി.യും



കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്നാ സുരേഷിന് ഒരേദിവസം ഒരേസമയം ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി കേരളാപോലീസും ഇ.ഡി.യും. സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനക്കേസില്‍ വ്യാജരേഖ ചമയ്ക്കലിന്റെ വകുപ്പുകൂടി ഉള്‍പ്പെടുത്തിയതോടെ സ്വപ്നയുടെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കരുതുന്നതിനിടെയാണ് കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള വടംവലി.

സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനക്കേസില്‍ പ്രതിയായ സ്വപ്നയോട് ചോദ്യംചെയ്യലിനായി തിങ്കളാഴ്ച എറണാകുളം പോലീസ് ക്ലബ്ബില്‍ 11 മണിക്ക് ഹാജരാകാന്‍ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. അതേസമയത്തുതന്നെ സ്വര്‍ണക്കടത്ത് കേസില്‍ ഹാജരാകാന്‍ ഇ.ഡി.യും നോട്ടീസ് നല്‍കി.

സ്വപ്ന കൊച്ചി ഇ.ഡി. ഓഫീസിലാണ് 12 മണിയോടെ ഹാജരായത്. അഭിഭാഷകരോട് നിയമോപദേശം തേടിയ സ്വപ്ന എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഗൂഢാലോചനക്കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തതിനെത്തുടര്‍ന്ന് മുന്‍കൂര്‍ജാമ്യത്തിനായി സ്വപ്ന വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

ഇതോടെ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സ്വപ്നയെ ചോദ്യംചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കേണ്ട ഗതികേടിലായി. ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിക്കാത്ത ദിവസംനോക്കിവേണം സ്വപ്നയ്ക്ക് നോട്ടീസ് നല്‍കാന്‍. ഗൂഢാലോചനക്കേസില്‍ പോലീസ് സംഘം പി.എസ്. സരിത്തിനെ തിങ്കളാഴ്ച രണ്ടുമണിക്കൂറോളം ചോദ്യംചെയ്തു.


أحدث أقدم