'നേതൃത്വവുമായി അകൽച്ച, അരിശം'; സുരേഷ് ഗോപി ബിജെപി വിടുമോ? വാർത്തകളോട് പ്രതികരിച്ച് നേതാവ്


ന്യൂഡൽഹി: താൻ ബിജെപി വിടാനൊരുങ്ങുന്നെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വാർത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി. അത്തരം വാർത്തകൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനത്തെ വാർത്തകൾ എന്തിനായിരുന്നെന്ന് വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ സുരേഷ് ഗോപിക്ക് അരിശമുണ്ടെന്നും പാർട്ടി വിട്ടേക്കുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് അദ്ദേഹം തന്‍റെ നിലപാട് വ്യകത്മാക്കിയത്. ബിജെപി വിട്ട് എങ്ങോട്ടുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഡൽഹിയിലുള്ള സുരേഷ് ഗോപി മനോരമ ന്യൂസിനോടാണ് നിലപാട് വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി അകൽച്ചയിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയതെന്നും ശ്രദ്ധേയമാണ്. രാജ്യസഭാ അംഗമായ ശേഷം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലും തൃശൂരിൽ നിന്ന് അദ്ദേഹം ജനവിധി തേടിയിരുന്നു. വിജയത്തിനടുത്തെത്താൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനമായിരുന്നു ബിജെപി മണ്ഡലത്തിൽ കാഴ്ചവെച്ചത്. തൃശൂർ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവർത്തനം ശക്തമാക്കിയേക്കും എന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

Previous Post Next Post