കൊച്ചി. വിവാദമായ സഭാ ഭൂമി ഇടപാട് കേസിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് കോടതി. ജൂലൈ 1 ന് കോടതി മുമ്പാകെ ഹാജരാകാനാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. കേസിലെ മറ്റൊരു പ്രതിയായ എറണാകുളം അങ്കമാലി അതിരൂപത മുൻ ഐക്യുറേറ്റർ ഫാദർ ജോഷി പുതുവയും ജൂലൈ ഒന്നിന് ഹാജരാകണം. ഭൂമി ഇടപാട് ചോദ്യം ചെയ്ത് ജോഷി വർഗീസ് നൽകിയ ഹർജിയെ തുടർന്നാണ് നടപടി. കേസിലെ ഇടനിലക്കാരനായ സാജു വർഗ്ഗീസ് കോടതിയിൽ ഹാജരായി ജാമ്യം എടുത്തിരുന്നു. കരുണാലയം, ഭാരതിമാത കോളേജ് പരിസരങ്ങളിലെ ഭൂമി വില്പന നടത്തിയ കേസുകളിൽ ആണ് കർദിനാൾ ഹാജരാകേണ്ടത്. കേസ് മുൻപ് പരിഗണിച്ചപ്പോഴും കർദിനാൾ ഹാജരായിരുന്നില്ല. പല കാരണങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. കഴിഞ്ഞ മെയ് 16ന് എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയില്‍ രാവിലെ 11 ന് എത്താൻ നിർദേശമുണ്ടായിരുന്നെങ്കിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹാജരായിരുന്നില്ല. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഹര്‍ജി നല്‍കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന ചുമതല വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. കേസിന്റെ സ്വഭാവമനുസരിച്ച് നേരിട്ട് ഹാജരാവേണ്ട സാഹചര്യമില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അതേസമയം കര്‍ദിനാളിന്റെ ആവശ്യം പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരും കോടതിയെ സമീപിച്ചു. കര്‍ദിനാളിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വിദേശ രാജ്യങ്ങളിലടക്കം സ്ഥിരമായി പോവുന്നുണ്ടെന്നും കോടതിയില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെ മാത്രമാണ് കര്‍ദിനാള്‍ താമസിക്കുന്നതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതിയും ശരിവെച്ചിരുന്നു. സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന എറണാകുളം സെഷന്‍സ് കോടതി ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചത്. കേസില്‍ ആറ് ഹര്‍ജികള്‍ ആലഞ്ചേരി നല്‍കിയിരുന്നു. ഇവയെല്ലാം ഹൈക്കോടതി തള്ളി.
ഭൂമിയിടപാട് കേസില്‍ തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയാണ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കുകയും വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയക്കുകയും ചെയ്തത്. ഇതിനെതിരെ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. ഇടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ആലഞ്ചേരി കേസില്‍ ഉള്‍പ്പെടുന്നുവെന്നും രണ്ടു കോടതികളും കണ്ടെത്തുകയായിരുന്നു. എട്ട് കേസുകളില്‍ 6 എണ്ണത്തിലാണ് തൃക്കാക്കര കോടതി സമന്‍സ് അയച്ചത്. ഇവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്. ഭൂമിയിടപാടില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി ഇന്‍കം ടാക്‌സ് വിഭാഗവും കണ്ടെത്തിയിരുന്നു.