കുടുംബ ബന്ധങ്ങളിലെ ഊഷ്മളത നിലനിര്‍ത്തണം: ഡോ. എന്‍. ജയരാജ്





കുടുംബസംഗമം ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.


പാമ്പാടി: കുടുംബ ബന്ധങ്ങളിലെ ഊഷ്മളത നിലനിര്‍ത്തി മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്റെ ഉന്നമനത്തിന് അനിവാര്യമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്.
ആലാമ്പള്ളി മന്നം സാംസ്‌കാരിക കേന്ദ്രത്തില്‍ കല്ലാ ശാരിപറമ്പില്‍ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബ സംഗമവും ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായമേറിയ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മക്കളില്‍ നിക്ഷിപ്തമാണ്. എന്നാല്‍ നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും കാണുമ്പോള്‍ ഇത്തരംചുമതലകള്‍ എത്രത്തോളം നിര്‍വഹിക്കപ്പടുന്നുവെന്നത് ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. പുതുതലമുറയ്ക്ക് നഷ്ട പ്പെട്ടുകൊണ്ടിരിക്കുന്ന ആത്മബന്ധങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിന് കുടുംബയോഗങ്ങള്‍ വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബയോഗത്തിലെ മുതിര്‍ന്ന ദമ്പതികളെ പൊന്നാടയണിച്ചും, ഉപഹാരങ്ങള്‍ സമര്‍പ്പിച്ചും ഡോ. ജയരാജ് ആദരിച്ചു. 
കുടുംബയോഗ സംഘാടകസമിതി പ്രസിഡന്റ് കെ.ഡി ഹരികുമാര്‍ അദ്ധ്യക്ഷനായി.

 ചേന്നംപള്ളി കുടുംബയോഗം പ്രസിഡന്റ് വിശ്വമോഹനന്‍ നായര്‍, അറയ്ക്കല്‍ കൊട്ടാരം കുടുംബയോഗം പ്രസിഡന്റ് കെ. ശ്രീകുമാര്‍, പാമ്പാടി 215-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം സെക്രട്ടറി എസ്. അജിത്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമിതി സെക്രട്ടറി വിനോദ് ചമ്പക്കര, ട്രഷറര്‍ എ.റ്റി പ്രദീപ്കുമാര്‍, എന്‍. ബിജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 
തൊടുപുഴ അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അനു ജി ഡി, പ്രതീഷ് നന്ദന്‍, അജിത്ത് വിശ്വനാഥന്‍, വൈശാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



 
Previous Post Next Post