മോഷ്ടാവ് കൊല്ലപ്പെട്ട സംഭവം; മുട്ടത്തോടിൽ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന അരുംകൊല: ആ അന്വേഷണം ഇങ്ങനെ


കട്ടപ്പന: മോഷണശ്രമത്തിനിടെ മോഷ്ടാവ് കൊല്ലപ്പെട്ട സംഭവ സ്ഥലത്ത്ല നിന്ന് ലഭിച്ച ആയുധവും തൊപ്പിയും ടോർച്ചും കൊല്ലപ്പെട്ട ജോസഫിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞില്ല. അതേസമയം സ്ഥലത്ത് നിന്ന് ലഭിച്ച ചെരിപ്പും കുടയും ജോസഫിന്റെതെന്ന് കുടുംബം തിരിച്ചറിഞ്ഞു. എന്നാൽ ജോസഫ് മോഷ്ടാവല്ലെന്നാണ് കുടുംബം പറയുന്നത്. ജോസഫ് കൊല്ലപ്പെട്ട സംഭവത്തിൽ ഗൃഹനാഥൻ ഓട്ടോഡ്രൈവർ ചെമ്മണ്ണാർ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മോഷണശ്രമത്തിനിടെ സേനാപതി വട്ടപ്പാറ സ്വദേശിജോസഫ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റുമോർ‌ട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ രാജേന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


കൊല്ലപ്പെട്ട ജോസഫിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച പൊട്ടിയ മുട്ടത്തോട് കേസിൽ നിർണായകമായി. രാജേന്ദ്രനുമായുള്ള മൽപിടുത്തതിനിടെയാണ് ജോസഫ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചതോടെ രാജേന്ദ്രന്റെ കുടുംബത്തിന്റെ വിശദമായ മൊഴി പൊലീസ് ശേഖരിച്ചിരുന്നു. രണ്ടാമത് മൊഴി ശേഖരിച്ചപ്പോഴാണ് ഫ്രിഡ്ജിനുള്ളിൽ നിന്നു രണ്ടു താറാവ് മുട്ടകൾ കൂടി മോഷ്ടിക്കപ്പെട്ടതായി പറയുന്നത്.

വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് ജോസഫ് മോഷ്ടിക്കാൻ അകത്ത് കടന്നതെന്ന് പോലീസിനോട് രാജേന്ദ്രൻ പറഞ്ഞു. മഴയുണ്ടായിരുന്നു. കറണ്ട് ഇല്ലായിരുന്നു. താൻ ഉറങ്ങിക്കിടന്ന മുറിയിലെ അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ ജോസഫിന്റെ കൈതട്ടി നിലത്ത് വീണു. ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ബാഗുകളും മറ്റും സ്ഥാനം തെറ്റി കിടക്കുന്നത് കണ്ടതോടെ തന്റെ മകളുടെ സ്വർണം കള്ളൻ കൊണ്ടുപോയി എന്നു കരുതി രാജേന്ദ്രൻ പിറകെ ഓടി.

കുറച്ചു ദൂരത്തിനുള്ളിൽ പിടിച്ചുനിർത്തിയപ്പോൾ ജോസഫ് രാജേന്ദ്രന്റെ മുഖത്ത് കടിച്ചു. രണ്ടു പല്ലിറങ്ങിയ വേദനയിൽ രാജേന്ദ്രൻ പിടിവിട്ടപ്പോൾ ജോസഫ് വീണ്ടും ഓടി. പിന്തുടർന്നപ്പോൾ വീണ്ടും മൽപ്പിടുത്തമുണ്ടായി. കീഴടക്കാൻ കമിഴ്‌ത്തി കിടത്തി രാജേന്ദ്രൻ കഴുത്തിന് കുത്തിപ്പിടിച്ചു. ജോസഫ് ബലം പ്രയോഗിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ നിലത്തോട് ചേർത്ത് നന്നായി അമർത്തി. താമസിയാതെ ജോസഫിന്റെ പ്രതിരോധത്തിന്റെ ശക്തി കുറഞ്ഞു വന്നു. ഉടൻ ചലനമറ്റ അവസ്ഥയിലായി. പുലർച്ചയോടെ തന്റെ വീട്ടിൽ ജോസഫിനെ കണ്ടത് മുതൽ അയാൾ ചലനമറ്റ അവസ്ഥയിൽ എത്തുന്നതുവരെയുള്ള സംഭവത്തെക്കുറിച്ച് അറസ്റ്റിലായ രാജേന്ദ്രൻ പൊലീസിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഇങ്ങനെ. രാജേന്ദ്രന്റെ വീട്ടിൽ സൂക്ഷിച്ച 6000 രൂപയും ഫ്രിഡ്ജിൽ ഇരുന്ന ഇറച്ചിയും രണ്ടു താറാമുട്ടയും ജോസഫിന്റെ പക്കൽ നിന്നും കണ്ടെടുത്തിരുന്നു.

ജോസഫിന്റെ ഷർട്ടിന്‍റെ പോക്കറ്റിൽ നിന്ന് താറാവ് മുട്ടയുടെ അവശിഷ്ടം പൊലീസിന് ലഭിച്ചിരുന്നത്. വിശദമായ അന്വേഷണത്തിൽ രാജേന്ദ്രനുമായുള്ള മൽപിടുത്തത്തിനിടെ മുട്ട പൊട്ടിയതെന്ന് പൊലീസിന് മനസ്സിലായത്. കഴുത്തിൽ കയ്യിട്ട് പ്രത്യേക രീതിയിൽ പിടിച്ചതാണ് ജോസഫിൻ‌റെ മരണകാരണമെന്നും കഴുത്തിനുള്ളിലെ അസ്ഥി പൊട്ടി ശ്വാസനാളത്തിൽ കയറിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Previous Post Next Post