ഇസ്രായേല്‍ അംബാസഡര്‍ക്ക് കൈ കൊടുത്തില്ല; ബഹ്‌റൈന്‍ സാംസ്‌കാരിക അതോറിറ്റി അധ്യക്ഷയെ മാറ്റി


മനാമ: ഇസ്രായേല്‍ അംബാസഡര്‍ക്ക് കൈ കൊടുക്കാന്‍ വിസമ്മതിച്ച ബഹ്‌റൈന്‍ സാംസ്‌ക്കാരിക അതോറിറ്റി അധ്യക്ഷയെ തല്‍സ്ഥാനത്തു നിന്നു നീക്കി. ദോഹ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് അന്റിക്വിറ്റീസ് പ്രസിഡന്റ് ശെയ്ഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫക്കെതിരേയാണ് ബഹ്‌റൈന്‍ രാജാവിന്റെ നടപടി.

ജൂണ്‍ 16ന് ബഹ്‌റൈനിലെ യുഎസ് കാര്യാലയത്തില്‍ യുഎസ് അംബാസഡര്‍ സ്റ്റീഫന്‍ ബണ്ടി സംഘടിപ്പിച്ച ചടങ്ങില്‍ വച്ചായിരുന്നു ശെയ്ഖ മായ് ഇസ്രായേല്‍ അംബാസഡര്‍ക്ക് കൈ കൊടുക്കാന്‍ വിസമ്മതിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും വിശിഷ്ടാതിഥികളും പങ്കെടുത്ത ചടങ്ങിലായിരുന്നു അത്. സ്റ്റീഫന്‍ ബണ്ടി അതിഥികള്‍ക്ക് ഇസ്രായേല്‍ അംബാസഡറെ പരിചയപ്പെടുത്തുന്ന വേളയില്‍ ശെയ്ഖ മായ് തനിക്കു നേരേ അംബാസഡര്‍ നീട്ടിയ കൈ പിടിക്കാതെ മാറിനില്‍ക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ചടങ്ങ് വിട്ട ശെയ്ഖ മായ്, താന്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ഫോട്ടോ പ്രസിദ്ധീകരണത്തിനായി നല്‍കേണ്ടതില്ലെന്നും എംബസിയെ അറിയിച്ചു. അതിനു ശേഷം ജൂലൈ 21നാണ് ശെയ്ഖ് മായ്ക്കു പകരം കള്‍ച്ചറല്‍ അതോറിറ്റി അധ്യക്ഷയായി ശെയ്ഖ് ഖലീഫ ബിന്‍ അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയെ നിയമിച്ചു കൊണ്ട് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ്സ ഉത്തരവിറക്കിയതെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ സമയ്ത്ത് ബാള്‍ക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിലായിരുന്നു ശെയ്ഖ മായ്.

അതിനിടെ, ഇസ്രായേല്‍ അംബാസഡറെ അംഗീകരിക്കാതിരുന്നതിന് സ്ഥാനം നഷ്ടമായ ശെയ്ഖ മായ്ക്ക് പിന്തുണയും അഭിനന്ദനവുമായി നിരവധി പേര്‍ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ രംഗത്തെത്തി. അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകയായ ഗദ ഉവൈസാണ് അവരിലൊരാള്‍. 'ശെയ്ഖ മായ് അധിനിവേശക്കാരുമായി കൈകുലുക്കാന്‍ വിസമ്മതിച്ചിരിക്കുന്നു. അതിന് രാജാവ് അവരെ സ്ഥാനത്തു നിന്ന് പുറത്താക്കി. സ്ഥാനം നഷ്ടമായെങ്കിലും ജനങ്ങളുടെ സ്‌നേഹവും ആദരവും അവര്‍ നേടിയെടുത്തിരിക്കുന്നു. ശെയ്ഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ- താങ്കള്‍ക്ക് എല്ലാ ആദരവുകളും അര്‍പ്പിക്കുന്നു' എന്നതായിരുന്നു ഗദയുടെ ട്വിറ്റര്‍ കമന്റ്. ശെയ്ഖ മായിയുടെ നടപടിയെ ധീരവും ഹീറോയിസവും ആണെന്നാണ് പലരും വിശേഷിപ്പിച്ചത്. തന്നെ പിന്തുണച്ച് രംഗത്തെത്തിയവര്‍ക്ക് നന്ദി പറയാനും ശെയ്ഖ മായ് മറന്നില്ല. ലഭിച്ച ഓരോ സന്ദേശങ്ങള്‍ക്കും ആയിരക്കണക്കിന് നന്ദി അറിയിക്കുന്നതായും സ്‌നേഹം മാത്രമാണ് നമ്മെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

أحدث أقدم