കോട്ടയം: പി സി ജോർജിനെ കള്ളപ്പരാതിയിൽ അറസ്റ്റ് ചെയ്തതിൻ്റെ രോക്ഷത്തിലാണ് ശാപവാക്കുകൾ ഉതിർത്തതെന്ന് ഉഷ ജോർജ്. അപ്പോഴത്തെ ഒരു വിഷമത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയത്. അത്തരത്തിലുള്ള പ്രതികരണങ്ങൾക്ക് ഇനി തയ്യാറല്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് അവർ പറഞ്ഞു. ഒരു മീഡിയയിലും എത്താത്ത വ്യക്തിയാണ് ഞാൻ. കൊന്തയുടെ ശക്തിയെക്കുറിച്ച് ചോദിച്ച് ഒരുപാട് പേർ വിളിക്കാറുണ്ട്. ഏതോ ഒരു ചാനലിൽ കൊന്തയെക്കുറിച്ച് മോശമായി പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം ഷോൺ ജോർജിനോട് പറയുകയും ചെയ്തു. ക്രിസ്ത്യാനിയെ സംബന്ധിച്ച് കൊന്തയെക്കുറിച്ച് മോശമായി പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഉഷ ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ കൊന്ത ചൊല്ലി പിസി ജോർജിനെ വിജയിപ്പിച്ചില്ലല്ലോ എന്ന തരത്തിലുള്ള പ്രതികരണങ്ങൾ കാണാനിടയുണ്ടായി. ഞാൻ പ്രാർഥിച്ചിരുന്നു. ഇപ്പോ മുഴുവൻ കേസുകളിൽ നിന്നും ഊരിപ്പോന്നില്ലേ എന്നും ഉഷ ജോർജ് പറഞ്ഞു. കേസുകളിൽ നിന്ന് ഊരിപ്പോന്നത് കൊന്തയുടെ ബലമാണെന്നും അവർ പറഞ്ഞു.
'എൻ്റെ അപ്പൻ്റെ റിവോൾവർ ഇവിടെയുണ്ട്, എനിക്ക് അയാളെ വെടിവച്ച് കൊല്ലണം എന്നുണ്ട്' - എന്ന പ്രസ്താവനയിൽ ഖേദമുണ്ടെന്ന് പരോക്ഷമായി ഉഷ പറഞ്ഞു. തോക്കുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന പിന്നീട് ഒരു വിഷയമായപ്പോൾ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്ന് അവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കെതിരെ തോക്കുമെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയി. പീഡനക്കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയപ്പോൾ വല്ലാത്ത അവസ്ഥയിലായിപ്പോയി. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ട്. മോളെ എന്ന് വിളിച്ചിട്ട് മാത്രമാണ് പി സി സംസാരിക്കുക. ഷോണിൻ്റെ കുട്ടിയെ ചക്കരക്കൊച്ചേയെന്നാണ് വിളിക്കുന്നത്. അത്രമാത്രം സ്‌നേഹമാണ്. ആ രീതിയിലേ മറ്റുള്ളവരോടും സംസാരിക്കുറുള്ളൂവെന്നും ഉഷ പറഞ്ഞു.
രണ്ടാം പിണറായി വിജയൻ സർക്കാരിൽ നിന്നും സജി ചെറിയാൻ രാജിവെച്ചതോടെ സോഷ്യൽ മീഡിയയിൽ ഉഷ ജോർജ് നടത്തിയ പ്രസ്താവന കൂടുതൽ ചർച്ചയായിരുന്നു. ‘എന്റെയീ കൊന്ത ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും’ എന്ന് ഉഷ പറഞ്ഞ് ദിവസങ്ങൾക്കകമാണ് സജി ചെറിയാൻ രാജിവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലാൻ ആഗ്രഹമുണ്ടെന്നും കൈയിൽ കൊന്തയുണ്ടെങ്കിൽ ഒരാഴ്ച്ചയ്ക്കുള്ളിൽ അയാൾ അനുഭവിക്കുമെന്നുമാണ് ഉഷ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ പറഞ്ഞത്.