കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴ:തിരുവനന്തപുരം സിഎസ്‌ഐ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് റെയ്ഡ്







തിരുവനന്തപുരം
: കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം സിഎസ്‌ഐ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് റെയ്ഡ്. 

ഒരേസമയം നിലവില്‍ നാല് സ്ഥലങ്ങളിലാണ്  പരിശോധന നടക്കുന്നത്. മെഡിക്കല്‍ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് കേസ്. കോളേജ് ചെയര്‍മാനും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ 2014 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ ബെനറ്റ് എബ്രഹാം, ബിഷപ് എ ധര്‍മ്മരാജ് എന്നിവരടക്കമുള്ളവര്‍ കേസില്‍ പ്രതിയാണ്. 2016 മുതല്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് സിഎസ്‌ഐ സഭ തലവരിപ്പണം കൈപ്പറ്റിയെന്ന് പരീക്ഷാ മേല്‍നോട്ട സമിതിക്ക് മുന്നില്‍ ബിഷപ്പ് ധര്‍മരാജ് റസാലത്ത് നേരത്തെ സമ്മതിച്ചിരുന്നു.

 കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാര്‍ത്ഥികള്‍ അടക്കം 24 കുട്ടികളില്‍ നിന്നായിരുന്നു ലക്ഷങ്ങള്‍ കോഴയായി വാങ്ങിയത്. 92 ലക്ഷം വരെയായിരുന്നു കോഴ വാങ്ങിയിരുന്നത്. കൂടാതെ ഓഡിറ്റ് നടത്തിയപ്പോള്‍ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം, വിശ്വാസ വഞ്ചന, കബളിപ്പക്കല്‍, പണം തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

 പാളയം എല്‍എംഎസ് ആസ്ഥാനം അടക്കം മൂന്ന് സ്ഥലങ്ങളിലാണ് ഇഡി തെരച്ചില്‍ നടത്തുന്നത്. സഭയ്‌ക്കെതിരെ ഇതിന് മുമ്ബും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.


Previous Post Next Post