ഇന്ത്യ - ചൈന കമാന്‍ഡര്‍തല ചർച്ചകള്‍ ആരംഭിക്കുന്നു; ഞായറാഴ്ച തുടങ്ങും, അതിർത്തിയില്‍ വന്‍ സൈനിക വിന്യാസം


ദില്ലി: നാല് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യ ചൈന കമാന്‍റർതല ചർച്ച വീണ്ടും തുടങ്ങുന്നു. അതിര്‍ത്തിയിലെ സംഘ‍ർഷ സാഹചര്യങ്ങള്‍ക്ക് അയവ് വരുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ച‍ർച്ച. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അവസാനമായി ഇന്ത്യ ചൈന കമാന്‍റർതല ചർച്ച നടന്നത്. ഗാല്‍വാനിലെ ചൈനയുടെ കടന്ന് കയറ്റത്തിന് ശേഷം ഇത്രയും നീണ്ട ഇടവേള ഇത് ആദ്യമാണ്. വരുന്ന ഞായറാഴ്ച്ചയാകും ഇന്ത്യയും ചൈനയും തമ്മിലുള്ള പതിനാറാമത് കോ‍ർപ്സ് കമാന്‍റർതല ചർച്ച നടക്കുക. ദേസ്പാങ്, പട്രോള്‍ പൊയിന്‍റ് 15, ചാർദിങ് നുല്ല എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാകും ഞായറാഴ്ച ചർച്ച നടക്കുക. 

സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നയിടങ്ങളില്‍ വന്‍ സൈനിക വിന്യാസം ഇരു രാജ്യങ്ങളും നടത്തിയിട്ടുണ്ട്. നിലവില്‍ ഇരു രാജ്യങ്ങളും അന്‍പതിനായിരത്തിലധികം പട്ടാളക്കാരെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. യുദ്ധ വിമാനങ്ങളും ഇവിടെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രശ്നബാധിത മേഖലയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം പറന്നതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദലൈയ്‍ലാമയുടെ പിറന്നാള്‍ ആഘോഷത്തില്‍ മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുത്തതും തായ്‍വാനുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുന്നതിലും ചൈനക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച നടക്കുന്ന ചർച്ചയില്‍ ലെഫ്. ജനറല്‍ അനിനിഥ്യ സെന്‍ഗുപതയാണ് പങ്കെടുക്കുന്നത്. അതേസമയം അടുത്ത ദിവസം ടിബറ്റന്‍ ആധ്യാത്മിക നേതാവ് ദലൈലാമ ലഡാക്ക് സന്ദ‌ർശിക്കുമെന്നാണ് വിവരം.

Previous Post Next Post