കോഴിക്കോട് : ഇടതുമുന്നണി ഘടകകക്ഷിയായ എല്‍ജെഡി സംസ്ഥാന പ്രസിഡന്റും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം വി ശ്രേയാംസ് കുമാറിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. സജി ചെറിയാന്റെ രാജിയുമായി ബന്ധപ്പെട്ട് മാതൃഭൂമി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിന്റെ പശ്ചാത്തലത്തിലാണ് ജലീലിന്റെ വിമര്‍ശനം.
'മിസ്റ്റര്‍ ശ്രേയംസ്‌കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നതെന്താണ്?'. ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
ഇടതു പിന്തുണയോടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയാംസ്‌കുമാറിന്റെ കാലാവധി ഈ വര്‍ഷമാണ് അവസാനിച്ചത്. മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.