കേസ് കൊണ്ട് നടിക്ക് കൂടുതല്‍ സിനിമ കിട്ടി; അതിജീവിതയെ അപമാനിച്ച് പി സി ജോര്‍ജ്


കോട്ടയം: അതിജീവിതയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ജനപക്ഷം നേതാവ് പി സി ജോര്‍ജ്. നടിയെ ആക്രമിച്ച കേസ് വന്നതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടെന്നുമാണ് പി സി ജോര്‍ജിന്റെ പരാമര്‍ശം. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പി സി ജോര്‍ജില്‍ നിന്നും അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള മോശം പരാമര്‍ശം ഉണ്ടായത്.

'വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്ടം ഉണ്ടായിരിക്കാം. എന്നാല്‍, ഈ ഇഷ്യു ഉണ്ടായതിനാല്‍ പൊതുമേഖലയില്‍ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായത്', പി സി ജോര്‍ജ് പറഞ്ഞു. പരാമര്‍ശം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോടും പി സി ജോര്‍ജ് രോഷം പ്രകടിപ്പിച്ചു.

'ആ കേസില്‍ വിധി വരാറായപ്പോള്‍ അടുത്ത കേസ് വന്നില്ലേ? അടുത്ത തെളിവെടുപ്പ് നടക്കുകയല്ലേ. അതുകൊണ്ട് ഒരു ഗുണം കിട്ടി. അവര്‍ക്ക് പറയുന്നതെന്താ, അതിജീവിതയോ? ഉപജീവിതയോ? ആ.... അതിജീവിത. അവര്‍ക്ക് ഒത്തിരി സിനിമാ കിട്ടുന്നുണ്ട്. പിന്നെന്താ? അവര്‍ രക്ഷപ്പെട്ടു. അതല്ലേ നമുക്ക് ആവശ്യം? ഒരു പ്രശ്‌നവുമില്ലെന്നേ. അതില്‍ കൂടുതല്‍ പറയാന്‍ പാടുണ്ടോ?', പി സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

ഇതിനുമുമ്പും പി സി ജോര്‍ജ് നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയിരുന്നു. പിന്നീട് ക്ഷമാപണം നടത്തിയിട്ടുമുണ്ട്. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെ്ടട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017 ല്‍ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതിന് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.

മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് കേസ് പുനരന്വേഷിക്കണമെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. ദിലീപ് കേസിന്റെ സത്യാവസ്ഥ പറഞ്ഞപ്പോള്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും സത്യം മനസിലാക്കണമെന്നും മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ ദിലീപ് കേസില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
أحدث أقدم