സ്കൂൾ പ്രവേശനത്തിന് മുൻപായി വിദ്യാര്‍ത്ഥികളും അധ്യാപക-അധ്യാപകേതര ജീവനക്കാരും ആന്റിജന്‍ പരിശോധന നടത്തണമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം


ദോഹ: സ്കൂൾ പ്രവേശനത്തിന് മുൻപായി വിദ്യാര്‍ത്ഥികളും അധ്യാപക-അധ്യാപകേതര ജീവനക്കാരും ആന്റിജന്‍ പരിശോധന നടത്തണമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി. പുതിയ അധ്യായന വര്ഷം ഈ മാസം പതിനാറിന് ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. സ്‌കൂള്‍ പ്രവേശത്തിന് 48 മണിക്കൂര്‍ മുമ്പ് മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപക-അധ്യാപകേതര ജീവനക്കാരും ആന്റിജന്‍ പരിശോധന നടത്തണം.  വീടുകളിലോ അംഗീകൃത ലാബുകളിലോ വെച്ച് ആന്റിജന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താവുന്നതാണ്. എല്ലാ ആഴ്ചകളിലും പരിശോധന നടത്തുന്നതിന് പകരം അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു തവണ മാത്രം മതിയാവും.

സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നതിന്, നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കിയിരിക്കണം. ഫലം പോസിറ്റീവ് ആണെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കൂടാതെ സ്‌കൂളിലെ എല്ലാ അധ്യാപക,അധ്യാപകേതര ജീവനക്കാരും വിദ്യാര്‍ത്ഥികളും മാസ്‌ക് ധരിക്കണം. ഇതിന് പുറമെ, വിദ്യാര്‍ത്ഥികളും ജീവനക്കാരും സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് ഇഹ്തിറാസ് ആപ്പിലെ പച്ച അടയാളം കാണിക്കേണ്ടതാണ്. 

أحدث أقدم