തിരുവല്ല ആശുപത്രിക്കെതിരെ നിരന്തരം പരാതികൾ വന്നിരുന്നു; ആശുപത്രിയിലെ നടപടിയിൽ മറുപടിയുമായി വീണാ ജോര്‍ജ്


തിരുവല്ല താലൂക്ക് ആശുപത്രിയിലെ നടപടിയിൽ കെ.ജി.എം.ഒ. എയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടർമാരുടെത് സ്വാഭാവിക പ്രതികരണമാണ്. ആശുപത്രിക്ക് എതിരെ നിരന്തരം പരാതികൾ വന്നിരുന്നു. മാത്യു ടി തോമസ് തിരുവല്ല താലൂക്ക് ആശുപത്രിയ്ക്കെതിരെ പരാതി പറഞ്ഞിരുന്നു എന്നും വീണാ ജോര്‍ജ് പ്രതികരിച്ചു. ഡോക്ടർമാർ സ്വന്തം ചെലവിൽ മരുന്ന് വാങ്ങണമെന്ന നിര്‍ദേശം താന്‍ നല്‍കിയിട്ടില്ല. ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തുന്നുണ്ട്. അത് അറിഞ്ഞ ശേഷമാണ് അങ്ങോട്ട് പോയത്. രോഗിയെ ചികിത്സിക്കണമെങ്കിൽ വീട്ടിൽ വന്നു കാണണമെന്ന് തിരുവല്ലയിലെ ഒരു ഡോക്ടർ പറഞ്ഞെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ സന്ദർശന ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു. ആശുപത്രി സൂപ്രണ്ടാണ് നോട്ടിസ് നൽകിയത്. ശനിയാഴ്ച ആരോഗ്യ മന്ത്രി ആശുപത്രിയിൽ എത്തിയപ്പോൾ രണ്ട് ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഡ്യൂട്ടി രജിസ്റ്ററിൽ ഒപ്പിട്ടിരുന്ന 8 ഡോക്ടർമാർ അന്ന് ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഈ ഡോക്ടർമാരോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാൽ ആശുപത്രി സംബന്ധമായ മറ്റ് ആവശ്യങ്ങൾക്കും കോടതി ഡ്യൂട്ടിയിലും കൗൺസിലിങ്ങിനും പോയതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. സൂപ്രണ്ടിന് ഇക്കാര്യം അറിയാമായിരുന്നെന്നും വ്യക്തമായ തെളിവുകൾ ഉണ്ടെന്നും കെജിഎംഒഎനേതാക്കൾ പറഞ്ഞു. താലൂക് ആശുപത്രിയിൽ ഇന്ന് കെജിഎംഒഎ കരിദിനം അചരിച്ചു.

Previous Post Next Post