യാത്രയ്ക്കിടെ രാത്രി താഴ്ചയിലേക്ക് കാർ മറിഞ്ഞു; പുഴയിൽ വീണ യുവതി ഒഴുകിയെത്തിയത് ആശുപത്രി വളപ്പിലേക്ക്









ചെറുതോണി(ഇടുക്കി) : 70 മീറ്ററോളം താഴ്ചയിലേക്കു കാർ മറിഞ്ഞു, പരിഭ്രാന്തിയിൽ കാറിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാലുതെറ്റി പുഴയിൽ വീണു, 100 മീറ്ററോളം ഒഴുകിയശേഷം പുല്ലിൽ പിടിച്ചു രക്ഷപ്പെട്ടു. ചെറുതോണി സ്വദേശിനി അനു മഹേശ്വരൻ വ്യാഴാഴ്ച രാത്രി സഞ്ചരിച്ചത് ജീവനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ. 

തങ്കമണിയിൽനിന്നു ചെറുതോണിയിലെ വീട്ടിലേക്കു പോവുകയായിരുന്ന അനു ഓടിച്ചിരുന്ന കാർ മരിയാപുരത്തിനു സമീപമാണു വ്യാഴാഴ്ച രാത്രി  അപകടത്തിൽപെട്ടത്. കാറിൽ മറ്റാരുമില്ലായിരുന്നു. എതിർദിശയിൽനിന്ന് അമിത വേഗത്തിലെത്തിയ വാഹനത്തിൽ ഇടിക്കാതെ കാർ വെട്ടിച്ചതോടെ നിയന്ത്രണം വിട്ടു പുഴയോരത്തേക്കു കാർ  മറിഞ്ഞു വീണു. കാറിൽനിന്ന് ഒരുവിധത്തിൽ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്കു വീണത്.

ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം തോട്ടിലൂടെ ഒഴുകിയെങ്കിലും തോട്ടിലെ പുല്ലിൽ പിടിച്ചു കരകയറിയ അനു ചെന്നെത്തിയത് മരിയാപുരം പിഎച്ച്സിയുടെ പിന്നിലേക്കായിരുന്നു. തൃശൂർ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു.

കഴിഞ്ഞ ദിവസം കോട്ടയത്തും കനത്ത മഴയിൽ വഴി തെറ്റിയ കാർ തോട്ടിലേക്ക് മറിഞ്ഞിരുന്നു. പാറേച്ചാലിൽ കാർ തോട്ടിൽ വീണു. കുമ്പനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നാല് മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം നാല് പേരെ നാട്ടുകാർ രക്ഷിച്ചു. എറണാകുളത്തുനിന്നും തിരുവല്ലയിലേക്കുള്ള യാത്രയിലായിരുന്നു അപകടത്തിൽപ്പെട്ട നാലാംഗ കുടുംബം.


أحدث أقدم