വി സി നിയമനം: സർക്കാർ നീക്കങ്ങൾക്ക് ഒരുമുഴം മുമ്പേ കടത്തിവെട്ടി ഗവർണർ


 


തിരുവനന്തപുരം‍ : സർവ്വകലാശാല വൈസ്‌ ചാന്‍സലര്‍മാരെ നിയമിക്കാനുള്ള ഗവര്‍ണറുടെ അധികാരം ചുരുക്കുന്നതിനായി കേരള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ ഇറക്കാന്‍ നടപടികള്‍ തുടങ്ങിയിരിക്കവേ, മറുനീക്കവുമായി ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. 

ഓര്‍ഡിനന്‍സ്‌ മന്ത്രിസഭ അംഗീകരിക്കുന്നതിനു മുമ്പേ ഗവര്‍ണര്‍ ധൃതിയില്‍ കേരള സര്‍വ്വകലാശാല വി.സി.ക്കായുള്ള സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചാണ്‌ സര്‍ക്കാരുമായി പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്‌. കമ്മിറ്റിയിലേക്ക്‌ സര്‍വ്വകലാശാലാ സെനറ്റ്‌ പ്രതിനിധിയുടെ പേര്‌ നല്‍കേണ്ടത്‌ സര്‍ക്കാരാണ്‌. അത്‌ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതിനാല്‍ ഈ സ്ഥാനം ഒഴിച്ചിട്ട്‌ ബാക്കി അംഗങ്ങളെ നിയമിച്ചിരിക്കയാണ്‌ ഗവര്‍ണര്‍.

 ഗവര്‍ണറുടെ പ്രതിനിധിയായി കോഴിക്കോട്‌ ഐ.ഐ.എം. ഡയറക്ടര്‍ ദേബാശിഷ്‌ ചാറ്റര്‍ജിയെ നിയമിച്ച്‌ അദ്ദേഹത്തെ ചെയര്‍മാനായി നിയോഗിച്ചു. യു.ജി.സി. പ്രതിനിധിയായി കര്‍ണാടക കേന്ദ്ര സര്‍വ്വകലാശാല വി.സി. ഡോ.ബട്ടു സത്യനാരായണയെയും ഉള്‍പ്പെടുത്തി. സെനറ്റ്‌ പ്രതിനിധിയെ തരാന്‍ സമയമെടുക്കുമെന്ന്‌ സര്‍വ്വകലാശാല അറിയിച്ചതിനെത്തുടര്‍ന്നാണ്‌ കാത്തു നില്‍ക്കാതെ ഗവര്‍ണര്‍ കമ്മിറ്റി രൂപീകരിച്ചത്‌. മൂന്നു മാസത്തിനകം കമ്മിറ്റി ശുപാര്‍ശ സമര്‍പ്പിക്കണം.

സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന ഭേദഗതിയനുസരിച്ച്‌ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരമാണ്‌ നിശ്ചയിക്കേണ്ടത്‌. മാത്രമല്ല, കമ്മിറ്റിയിലെ രണ്ടുപേര്‍ ഒരേ പേര്‌ വി.സി.സ്ഥാനത്തേക്ക്‌ തീരുമാനിച്ചാല്‍ അതാണ്‌ ഗവര്‍ണര്‍ക്ക്‌ അയക്കേണ്ട പാനലായി മാറുക. യു.ജി.സി. പ്രതിനിധി ഏത്‌ പേര്‌ ശുപാര്‍ശ ചെയ്‌താലും അത്‌ ഗവര്‍ണറുടെ മുന്നില്‍ എത്തില്ല. ചുരുക്കത്തില്‍ ഗവര്‍ണര്‍ക്ക്‌ വി.സി. നിയമനത്തില്‍ ഇപ്പോഴുള്ള മേല്‍ക്കൈ ഇല്ലാതാവുകയും സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമുള്ള വ്യക്തിയെ വി.സി.പാനലില്‍ കൊണ്ടുവരാനും ഗവര്‍ണര്‍ക്ക്‌ ശുപാര്‍ശയായി നല്‍കാനും കഴിയും. 

സര്‍ക്കാരിന്‌ താല്‍പര്യമുള്ള ആള്‍ വി.സി. ആയി വരാന്‍ വഴിയൊരുക്കുന്ന ഭേദഗതിയാണ്‌ വരാന്‍ പോകുന്നത്‌. ഇതിനെതിരെയാണ്‌ ഗവര്‍ണറുടെ ഇപ്പോഴത്തെ ധൃതിയിലുള്ള മറുനീക്കം നടന്നിരിക്കുന്നത്‌. നിലവില്‍ ഗവര്‍ണറുടെ പ്രതിനിധിയും യു.ജി.സി. പ്രതിനിധിയും തീരുമാനിച്ചാല്‍ സര്‍ക്കാരിന്റെ താല്‍പര്യത്തിന്‌ വിരുദ്ധമായ വ്യക്തിയെയും വൈസ്‌ ചാന്‍സലര്‍ ആയി നിയമിക്കാന്‍ സാധിക്കും.


Previous Post Next Post