മീൻ പിടിക്കാൻ മുങ്ങാങ്കുഴിയിട്ടയാളെ തിമിംഗലം വിഴുങ്ങി; ജീവനോടെ രക്ഷപെട്ട് യുവാവ്


യു.എസ്. : മീൻപിടുത്തത്തിനിടെ തിമിംഗലം വിഴുങ്ങിയെങ്കിലും ജീവനോടെ രക്ഷപ്പെട്ട ആശ്വാസത്തിൽ യുവാവ്. സാരമായ പരിക്കുകളുണ്ടെങ്കിലും ജീവൻ രക്ഷപെട്ട് കരയ്ക്കെത്തിയ യുവാവ് ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്. യുഎസിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മൈക്കിൾ പക്കാഡ് എന്നയാളാണ് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്. മസാഷുസിറ്റ്സിലെ കേപ്പ് കോഡ് തീരത്ത് ഡൈവ് ചെയ്ത് ലോബ്സ്റ്റ‍ര്‍ പിടിക്കാനാണ് മൈക്കിൾ എത്തിയത്. അപകടസമയത്ത് താൻ ജലോപരിതലത്തിൽ നിന്ന് 45 അടി താഴെയായിരുന്നു എന്നാണ് മൈക്കിൾ പറയുന്നത്. പെട്ടെന്ന് 100 ടൺ ഭാരമുള്ള ഒരു ലോറി വന്നിടിക്കുന്നതു പോലെ അനുഭവപ്പെട്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ മൈക്കിളിനെ സ്പ‍ര്‍ശിച്ചത് ഭൂമിയിലെ ഏറ്റവും ഭാരമുള്ള ജീവികളിലൊന്നായ ഒരു തിമിംഗലമായിരുന്നു.

ഭൂമിയിലെ ഏറ്റവും ഭാരമേറിയ തിമിംഗലങ്ങൾ നീലത്തിമിംഗലങ്ങളാണ്. ഏതാണ്ട് ഇത്ര തന്നെ ഭാരം വരുന്നവയാണ് കൂനൻ തിമിംഗലങ്ങളും. ദിവസവും 1.4 മെട്രിക് ടൺ ചെറുമീനുകളെ അകത്താക്കാൻ ഇവയ്ക്ക് കഴിയും. ഇത്തരത്തിൽ ഒരു കൂനൻ തിമിംഗലത്തിൻ്റെ മുന്നിലാണ് മൈക്കിൾ പെട്ടത്.

കൂനൻ തിമിംഗലത്തിൻ്റെ വായയ്ക്കുള്ളിലാണ് താൻ പെട്ടതെന്ന് മൈക്കിൾ പറയുന്നു. എന്നാൽ വലിയ വായയുടെ വശത്ത് മൈക്കിൾ ചെറുതായി സ്പ‍ര്‍ശച്ചതേയുള്ളൂ എന്നു വേണം മനസ്സിലാക്കാൻ. താൻ തിമിംഗലത്തിൻ്റെ വായയ്ക്കുള്ളിൽ പെട്ടതായി പരിചയസമ്പന്നതായ ഡൈവറായ മൈക്കിളിന് പെട്ടെന്നു മനസ്സിലായി. ചുറ്റും ഇരുട്ടായിരുന്നു എന്നും മാ‍ര്‍ദ്ദവമുള്ള ഭാഗങ്ങളായിരുന്നു ചുറ്റുമെന്നും മൈക്കിൾ പറയുന്നു.

മൈക്കിൾ ഡൈവ് ചെയ്ത ന്യൂ ഇംഗ്ലണ്ട് തീരത്ത് പതിവുകാഴ്ചയാണ് കൂനൻ തിമിംഗലങ്ങൾ. ഇവയ്ക്ക് മനുഷ്യരെ ഉപദ്രവിക്കുന്ന ശീലമില്ല. സമുദ്രത്തിൽ ഡൈവ് ചെയ്യുന്നതിനിടെ മൈക്കിൾ അബദ്ധത്തിൽ ഇവയിലൊന്നിൻ്റെ വായിൽ പെടുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. കൂനൻ തിമിംഗലങ്ങളുടെ വായിൽ പല്ലുകളുമില്ല. ശ്വാസം കൂടി കിട്ടാതെ വന്നതോടെ മൈക്കിൾ ശരിയ്ക്കു ബുദ്ധിമുട്ടി.
മരണം ഉറപ്പിച്ചെന്നും ഭാര്യയെക്കുറിച്ചും തൻ്റെ കുഞ്ഞുമക്കളെക്കുറിച്ചും പെട്ടെന്ന് ആലോചിച്ചെന്നും മൈക്കിൾ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ ഇതിനിടെ തിമിംഗലം വീണ്ടും വായ തുറന്നു. തിമിംഗലം തന്നെ സമുദ്രോപരിതലത്തിലേയ്ക്ക് തുപ്പിയിടുകയായിരുന്നു എന്നാണ് മൈക്കിള്‍ പറയുന്നത്.

ബൈബിളിൽ മൂന്ന് ദിവസം മത്സ്യത്തിൻ്റെ വയറ്റിൽ ചെലവഴിച്ച യോനാ പ്രവാചകൻ്റെ കഥയോടാണ് സംഭവത്തെ യുഎസ് മാധ്യമങ്ങൾ ഉപമിച്ചത്. എന്നാൽ ഒരു തിമിംഗലത്തിന് ഒരിക്കലും മനുഷ്യനെ വിഴുങ്ങാൻ സാധിക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധ‍ര്‍ പറയുന്നത്.മത്സ്യങ്ങൾ കൂട്ടത്തോടെ സഞ്ചരിക്കുന്നതിനിടുത്തേയ്ക്ക് തുറന്ന വായുമായിസമീപിക്കുന്നതും കിട്ടുന്ന ചെറുമത്സ്യങ്ങളെ അകത്താക്കുന്നതുമാണ് തിമിംഗലങ്ങളുടെ രീതി. മനുഷ്യൻ തിമിംഗലങ്ങളുടെ ഇരയല്ലെന്നും ഇവയുടെ വായിൽ മനുഷ്യ‍രര്‍ അകപ്പെടാറില്ലെന്നും വിദഗ്ധര്‍ പറയുന്നു.
തിമിംഗലങ്ങളുടെ സംരക്ഷണത്തിനായി പ്രവ‍ര്‍ത്തിക്കുന്ന യുകെയിലെ വെയ്ൽ ആൻ്റ് ഡോൾഫിൻ കൺസ‍ര്‍വേഷൻ പറയുന്നത് കൂനൻ തിമിംഗലത്തിൻ്റെ തൊണ്ടയുടെ വ്യാസം 15 ഇഞ്ച് മാത്രമാണെന്നാണ്. ഒരു മനുഷ്യനെ വിഴുങ്ങണമെങ്കിൽ തിമിംഗലം ഏറെ ബുദ്ധിമുട്ടേണ്ടി വരും.
أحدث أقدم