
ശബരിമല സ്വർണക്കൊള്ളയിൽ തമിഴ്നാട് സ്വദേശി ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി. അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി ഉറപ്പിച്ചു പറഞ്ഞതിന് പിന്നാലെയാണ് സംഘത്തിന്റെ നീക്കം. താൻ ഡി മണിയല്ല എന്നും എം.എസ് മണിയാണെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ ഇയാളുടെ പേരിലുള്ള മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ഓട്ടോ ഡ്രൈവർ ആയാണ് ഡി മണിയുടെ തുടക്കം. ആളുകൾ മണിയെ ഓർത്തെടുക്കുന്നതും അങ്ങനെതന്നെ. പിന്നീട് തീയറ്ററിൽ കാൻറീൻ നടത്തി പോപ്കോൺ കച്ചവടം ചെയ്ത മണിയേയും നാട്ടുകാർ മറന്നിട്ടില്ല. എന്നാൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ മണിയുടെ സാമ്പത്തിക വളർച്ച ദുരൂഹമാണ്. പെട്ടെന്നൊരു നാൾ ഫിനാൻസ് സ്ഥാപന നടത്തിപ്പുകാരനായി ആളുകൾക്ക് മുൻപിൽ മണി പ്രത്യക്ഷപ്പെട്ടു. ഗോൾഡ് ലോൺ ബിസിനസിലേക്ക് എത്തിയത് എങ്ങനെയെന്ന് ആർക്കും അറിയില്ല. സാധാരണക്കാരനും ഉയർന്ന വിദ്യാഭ്യാസം ഇല്ലാത്ത ആളുമായ മണിക്ക് എങ്ങനെ ഇത്രയും വലിയ സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിഞ്ഞു എന്നതായിരുന്നു നാട്ടുകാരുടെ സംശയം. പ്രാദേശിക മാധ്യമപ്രവർത്തകനായും ഇടക്കാലത്ത് മണി അറിയപ്പെട്ടിരുന്നു. സാമ്പത്തിക വളർച്ചയ്ക്ക് പിന്നാലെയാവണം എം എസ് സുബ്രഹ്മണി ഡി മണിയായി മാറിയത്.
ഡി മണിയുടെ കൂട്ടാളിയായ ശ്രീ കൃഷ്ണന്റെ മൊഴികളിലും വൈരുധ്യമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ഡി മണി പറഞ്ഞതും അന്വേഷണ സംഘം തള്ളുന്നുണ്ട്. അതേസമയം, വിദേശ വ്യവസായിയിൽ നിന്ന് വീണ്ടും എസ്ഐടി വിശദമായ മൊഴി രേഖപ്പെടുത്തും. ഡി മണി സാങ്കല്പിക കഥാപാത്രമല്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. ഡി മണിയടെ ഡിണ്ടിഗലിലെ സ്ഥാപനത്തിൽ ഇന്നലെ രാവിലെയോടെയാണ് എസ്ഐടിയുടെ നിർണ്ണായക റെയ്ഡ് തുടങ്ങിയത്. രണ്ട് മണിക്കൂർ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യൽ. പക്ഷേ ചോദ്യം ചെയ്യലിലും മാധ്യമങ്ങളോടും ഇയാൾ എല്ലാം നിഷേധിച്ചു